ജയിച്ചതും കോണ്‍ഗ്രസ്സിന്റെ തനിഗുണം പുറത്ത്; മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ തെരുവുകളില്‍ അങ്കം

മോദിവിരുദ്ധവികാരം ആഞ്ഞടിച്ച വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് കോണ്‍ഗ്രസിനു കിട്ടിയ വിജയം പാര്‍ട്ടി നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ പുലിവാലു പിടിപ്പിച്ചു. കോണ്‍ഗ്രസ് പാരമ്പര്യത്തിലെ ഒഴിയാബാധയായ മുഖ്യമന്ത്രിത്തര്‍ക്കം ഇത്തവണയും രൂക്ഷമാവുകയായിരുന്നു. വഴക്ക് മൂത്ത് നേതാക്കള്‍ വാക്ക്പോരു നടത്തുമ്പോള്‍ അനുയായികള്‍ തെരുവില്‍ തമ്മില്‍ത്തല്ലുന്ന സ്ഥിതിയാണുള്ളത്.ഭരണമേല്‍പ്പിച്ച ജനങ്ങള്‍ ഇതെല്ലാംകണ്ട് മൂക്കത്ത് വിരല്‍ വച്ചിരിക്കുന്നു.
കോണ്‍ഗ്രസ് ജയിച്ച ചത്തിസ്ഖഡ്, രാജസ്ഥാന്, മധ്യപ്രദേശ് എന്നീ മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിസ്ഥാനം തര്‍ക്കത്തിലാവുകയായിരുന്നു.അവയില്‍ മാരത്തോണ്‍ ചര്‍ച്ചകളുടെ ഫലമായി രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സമവായമുണ്ടാക്കാനായെങ്കിലും ചത്തിസ്ഖഡ് പുകഞ്ഞുകൊണ്ടിരിക്കുന്നു. ഡൽഹിയിലെ തുഗ്ലക് ലൈനിലുള്ള കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാവിലെമുതൽ രാത്രി വളരെ വൈകിവരെയാണ് ചര്‍ച്ച നീണ്ടത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കു പുറമേ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരും ചർച്ച നയിച്ചു.തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ എ.ഐ.സി.സി. നിരീക്ഷകരായിരുന്നഎ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
മധ്യപ്രദേശിൽനിന്നു കമൽ നാഥും രാജസ്ഥാനിൽനിന്നു അശോക‌് ഗഹ്‌ലോതും മുഖ്യമന്ത്രിയാകണമെന്നാണ് ഇപ്പോഴുണ്ടായ സമവായം. വൈകീട്ട് നാലുമണിയോടെ കമൽ നാഥിനും ഗഹ്‌ലോതിനും മുഖ്യമന്ത്രിപദം നൽകാൻ രാഹുൽ തീരുമാനിച്ചെങ്കിലും സിന്ധ്യയും പൈലറ്റും കടുത്ത എതിർപ്പുയർത്തിയതോടെ പ്രശ്നം വീണ്ടും കലുഷിതമായി. ഇരുസംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന വാര്‍ത്തകള്‍ കൂടി പുറത്തുവന്നതോടെ നേതൃത്വം ആകെ ആശങ്കയിലായി. രാഹുലിന്റെ വീടിനുമുന്നിലും സിന്ധ്യയുടെയും പൈലറ്റിന്റെയും അണികൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. രാജസ്ഥാനിലെ കരൗലിയിൽ പൈലറ്റിന്റെ അനുയായികൾ റോഡ് ഉപരോധിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ഗഹ്ലോതിന്റെയും കമൽനാഥിന്റെയും വീടിനുമുന്നിൽ കനത്ത സുരക്ഷയേർപ്പെടുത്തി.
കോണ്‍ഗ്രസിനെ മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ചത്തിസ്ഖഢില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതില്‍ ഇപ്പോഴും തുടരുന്നത്.അവിടെ നാലു നേതാക്കളാണ് മുഖ്യമന്ത്രിക്കസേരയ്ക്കുവേണ്ടി മത്സരത്തില്‍ പങ്കെടുക്കുന്നത്. അവരില്‍ പിസിസി അധ്യക്ഷൻ ഭൂപേഷ‌് ബാഗേലും പ്രതിപക്ഷനേതാവായിരുന്ന ടി എസ‌് സിങ‌് ദേവുമാണ് പ്രമുഖര്‍. ഇരുവരുടെയും അനുയായികളാണ് തലസ്ഥാനമായ റായ‌്പുരിൽ ഇന്നലെ ഏറ്റുമുട്ടിയത്. കോലം കത്തിച്ചും പരസ്പരം കടന്നാക്രമിച്ചും രംഗം കൊഴുത്തിരിക്കുകയാണ്. ഭൂപേഷ‌് ബാഗേല്‍ മധ്യപ്രദേശ്, ചത്തീസ്ഗഢ് മന്ത്രിസഭകളിൽ അംഗമായിരുന്നു. മുൻ കേന്ദ്രമന്ത്രി ചരൺദാസ‌് മഹന്ത്, ലോക്സഭാംഗമായ തമ്രദ്വാജ‌് സാഹു എന്നിവരും കസേര കയ്യടക്കുവാന്‍ രംഗത്തുണ്ട്. ഭൈമീകാമുകന്മാര് അനേകമുള്ള തുകൊണ്ടുതന്നെ മുഖ്യമന്ത്രി ആരാണ് എന്നു പ്രഖ്യാപിക്കാതെയാണ് പാര്‍ട്ടി തിരഞ്ഞടുപ്പിനെ നേരിട്ടത്.ഓരോരുത്തരും വാശിയോടെ പ്രവര്‍ത്തിച്ചത് ജയിക്കാന്‍ സാഹായകമായെങ്കിലും ഇപ്പോള്‍ അതുതന്നെയാണ് പ്രശ്നമായിരിക്കുന്നത്.
രാജസ്ഥാനില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റും മുൻ മുഖ്യമന്ത്രിയും അശോക‌് ഗെലോട്ടും തമ്മിലായിരുന്നു തര്‍ക്കം. ഇതിനുമുമ്പ് രണ്ടു തവണ മുഖ്യമന്ത്രിയുമായിരുന്ന ഗെലോട്ടിനു വേണ്ടി ഒരു വിഭാഗം വാദിച്ചപ്പോള്‍ യുവാവായ സച്ചിൻ പൈലറ്റിന്റെ പ്രവർത്തനമികവിലാണ് പാര്‍ട്ടിക്കു തിരിച്ചുവരാനായത് എന്നായിരുന്നു എതിര്‍ഭാഗത്തിന്റെ വാദം. സച്ചിന്‍പൈലറ്റിനെ കേന്ദ്രത്തില്‍തന്നെ നിലനിര്‍ത്തി കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനം ഭാവിയില്‍ നല്‍കുവാനാണ് രാഹുല്‍ഗാന്ധി ആഗ്രഹിക്കുന്നത്. ഭാവിപ്രധാനമന്ത്രിക്ക് അവശ്യം വേണ്ട വിശ്വസ്തനായ ഒരാളായിരിക്കും സച്ചിനെന്ന് ഹൈക്കമാന്‍ഡിന് ഉറപ്പുണ്ട്.
മധ്യപ്രദേശില്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനമായെങ്കിലും സിഖ് കലാപത്തില്‍ അദ്ദേഹത്തിന്റെ പങ്ക് മുന്‍നിര്‍ത്തി വ്യാപകമായ പ്രതിഷേധം പുറത്തുള്ളത് ഹൈക്കമാന്‍ഡ് കാണുന്നുണ്ട്. എതിരാളിയും യുവനേതാവുമായ ജ്യോതിരാദിത്യസിന്ധ്യയ്ക്ക് കേന്ദ്രത്തില്‍ തക്കതായ സ്ഥാനം വാഗ്ദാനം ചെയ്താണ് അവിടുത്തെ തര്‍ക്കം താല്‍ക്കാലികമായി പരിഹിരിച്ചിരിക്കുന്നത്.
മദ്ധ്യപ്രദേശിൽ 230 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തില്‍ ബി.ജെ.പിയുടെ 109 സീറ്റിനെതിരേ 114 സീറ്റ് സ്വന്തമാക്കിയാണ് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. വിവാദങ്ങള്‍ക്കിട കൊടുക്കാതെ സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി എന്നീ കക്ഷികള്‍ പിന്തുണ നല്‍കിയതോടെയാണ് കോൺഗ്രസ് അധികാരത്തിലെത്തുന്നത്.
എന്തായാലും ചത്തീസ്ഖഡ് കൂടി പരിഹരിക്കുന്നതോടെ മുഖ്യമന്ത്രി പ്രശ്നം താല്‍ക്കാലികമായി തീരുമെങ്കിലും അഥിനേക്കാള്‍ രൂക്ഷമായി മന്ത്രിസഭാ അംഗങ്ങളുടെ നിര്‍ണ്ണയം ബാലികേറാമലയായി ഇപ്പോഴേ നേതൃത്വത്തിനുമുമ്പിലുണ്ട്. ജാതിയും ഉപജാതിയും മതവും നിരഞ്ഞ ആ കുരുക്കുകള്‍ എങ്ങനെ അഴിക്കുമെന്ന് ഇപ്പോള്‍ യാതൊരു നിശ്ചയവുമില്ല.
https://www.facebook.com/Malayalivartha
























