നെഞ്ചിടിപ്പ് കൂട്ടി സെന്‍കുമാര്‍... സിപിഎം കോട്ടയായ ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെ രംഗത്ത് ഇറക്കാന്‍ ബിജെപി; സമുദായ സംഘടനകളോടും പൊതുജനങ്ങളോടും ആഭിമുഖ്യമുള്ള സെന്‍കുമാര്‍ തകര്‍ക്കും

കേരളത്തില്‍ ശബരിമല യുവതി പ്രവേശന വിവാദം കൊഴുക്കുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്ന ടി.പി. സെന്‍കുമാറിനെ ഗവര്‍ണറാക്കുമെന്ന വാര്‍ത്ത പുറത്ത് വന്നിട്ട് അധിക നാളായില്ല. എന്നാല്‍ മറ്റൊരു വാര്‍ത്തയാണ് പ്രചരിക്കുന്നത്. സിപിഎം കോട്ടയായ ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെ രംഗത്ത് ഇറക്കാന്‍ ബിജെപി ആലോചന. കോണ്‍ഗ്രസ് പരിഗണിക്കുന്നത് ആടൂര്‍ പ്രകാശ് എംഎല്‍എയെ ആണ്. ഇതോടെ സിപിഎം എ സമ്പത്തിന് പകരം യുവ നേതാക്കളെ തേടുന്നുവെന്നാണ് സൂചന.
രണ്ട് മാസം മുന്‍പ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കേരളത്തിലെത്തിയപ്പോള്‍ തിരുവനന്തപുരത്ത് പ്രമുഖരുമായ പലരുമായും കൂട്ടാഴ്ച നടത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെയും ഒരു കൂടിക്കാഴ്ച നടന്നു. മുന്‍ ഡിജിപി സെന്‍കുമാറായിരുന്നു ആ പ്രമുഖന്‍ എന്നാണ് സൂചന. ആറ്റിങ്ങലിലേക്ക് സെന്‍കുമാറിനെ ബിജെപി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എല്ലാം കൊണ്ടും ആറ്റിങ്ങലില്‍ നിര്‍ത്താന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയാണ് സെന്‍കുമാറെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പക്ഷെ ബിജെപിയുടെ ക്ഷണത്തിന് സെന്‍കുമാര്‍ ഇതുവരെയും സമ്മതം മൂളിയിട്ടില്ല.
മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ള പ്രധാന പേര് ആടുര്‍ പ്രകാശ് എംഎല്‍എയുടേതാണ്. പലരും സീറ്റിനായി ശ്രമിക്കുന്നുണ്ടെങ്കിലും സമുദായ സമവാക്യങ്ങളും എംഎല്‍എഎന്ന നിലയിലുള്ള ജനസമ്മതിയും അടൂര്‍ പ്രകാശിന് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. മൂന്ന് തവണ പാര്‍ലമെന്റിലെത്തിയ എ സമ്പത്തിന് നാലാമത് ഒരു അവസരം പാര്‍ട്ടിയിലെ കീഴ്വഴക്കമനുസരിച്ച് കിട്ടാന്‍ ഇടയില്ലെന്നാണ് വിവരം.
എ സമ്പത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ചില യുവനേതാക്കളെ സിപിഎം പരിഗണിക്കുന്നുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു എന്നിവരാണ് പട്ടികയിലില്‍ ഇപ്പോള്‍ ഉള്ളത്.
സെന്‍കുമാറി വിജയിക്കുമെങ്കില്‍ തുടര്‍ഭരണമുണ്ടായാല്‍ കേന്ദ്ര മന്ത്രിയാക്കുമെന്ന സൂചനയുമുണ്ട്. അങ്ങനെയെങ്കില്‍ ഗവര്‍ണറാകുമെന്ന് പറഞ്ഞിരുന്ന സെന്‍കുമാറിനെ കാത്തിരിക്കുന്നത് കേന്ദ്രമന്ത്രിയാണ്.
ശബരിമല പ്രക്ഷോപം കത്തി നില്‍ക്കുന്ന സമയത്താണ് സെന്‍കുമാറിനെ ഗവര്‍ണറാക്കുമെന്ന വാര്‍ത്ത വന്നത്. കീഴ്‌വഴക്കമില്ലെങ്കിലും, കേരളത്തില്‍ത്തന്നെ അദ്ദേഹത്തെ ഗവര്‍ണറാക്കിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണു അന്ന് വന്ന വാര്‍ത്ത.
ദേശീയ സുരക്ഷാ ഉപദേഷ്ടാവും കേരള കേഡര്‍ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ അജിത് ഡോവലാണ് ഈ നിര്‍ണായക നീക്കത്തിന്റെ ബുദ്ധികേന്ദ്രമെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ മോഡി സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ചതും കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചായിരുന്നു. ഇത് അന്നു വന്‍വിമര്‍ശനങ്ങള്‍ക്കു വഴിവച്ചെങ്കിലും പിന്നീടു കെട്ടടങ്ങി. തന്നെ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിക്കെതിരേ സെന്‍കുമാര്‍ സുപ്രീം കോടതിവരെ നിയമപോരാട്ടം നടത്തിയാണ് ഇടതുസര്‍ക്കാരിനെ മുട്ടുകുത്തിച്ചത്. സെന്‍കുമാര്‍ വ്യാജരേഖയുണ്ടാക്കി നിയമനം നേടിയെന്ന അപ്പീല്‍ ഹര്‍ജിയാകട്ടെ സുപ്രീം കോടതി പരിഗണിക്കുകപോലും ചെയ്യാതെ തള്ളി. സ്ഥാനമൊഴിഞ്ഞശേഷം അദ്ദേഹത്തെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ അംഗമായി നിയമിക്കാനുള്ള ഫയല്‍ ഇതുവരെ സംസ്ഥാനസര്‍ക്കാര്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിട്ടില്ല.
ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ അടുത്തിടെ കേരളത്തിലെത്തിയപ്പോള്‍ സെന്‍കുമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അന്നു ഷായെ സന്ദര്‍ശിച്ച പ്രമുഖരില്‍ പലരും ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും സെന്‍കുമാര്‍ അംഗത്വമെടുക്കാതിരുന്നത്, അദ്ദേഹത്തെ തേടിയെത്താനിരിക്കുന്ന പദവിക്കു മുന്നോടിയായാണെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. ശബരിമല വിവാദം മുന്‍നിര്‍ത്തി, വിവിധ മേഖലകളില്‍നിന്നു കൂടുതല്‍ പ്രമുഖരെയും മറ്റു പാര്‍ട്ടി അണികളെയും ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ ജി. രാമന്‍ നായര്‍, ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍, സംസ്ഥാന വനിതാ കമ്മിഷന്‍ മുന്‍ അംഗം ജെ. പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോണ്‍, ജനതാദള്‍ (എസ്) തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ എന്നിവര്‍ അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷം ബി.ജെ.പി. മുഖപത്രമായ 'ജന്മഭൂമി'യുടെ പരിപാടിയില്‍ പങ്കെടുത്തതോടെയാണു സെന്‍കുമാറിനെ കാവിക്കൂടാരത്തില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.
ശബരിമലയിലെ പോലീസ് നടപടികളെ സെന്‍കുമാര്‍ നിശിതമായി വിമര്‍ശിച്ചത് ജനം ചാനലിലൂടെയായിരുന്നു. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതു തെറ്റാണെന്നും തന്ത്രിയുടെ ചുമതല പോലീസ് ഏറ്റെടുക്കുകയാണെന്നുമാണ് അദ്ദേഹം ആരോപിച്ചത്. ശബരിമലയെക്കുറിച്ചു വ്യക്തമായ ധാരണയുള്ള നിരവധി ഉദ്യോഗസ്ഥര്‍ പോലീസിലുണ്ടെന്നും അവരെ തനിക്കറിയാമെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. പോലീസില്‍ താക്കോല്‍ സ്ഥാനത്തുള്ള ഒട്ടേറെ ഐ.പി.എസുകാര്‍ സെന്‍കുമാറിന്റെ അടുപ്പക്കാരാണ്. സെന്‍കുമാറിനെ കേരളത്തില്‍തന്നെ ഗവര്‍ണറാക്കണമെന്നു ബി.ജെ.പിയിലെ ചില നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. അതിനിടേയാണ് ആറ്റിങ്ങലില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വരുന്നത്.
https://www.facebook.com/Malayalivartha
























