കെഎസ്ആര്‍ടിസിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചു

കെഎസ്ആര്‍ടിസിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചു. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്നത്. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവ് നടപ്പാക്കി നാളെ വിവരം അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിന്റെ പശ്ചാത്തലത്തില്‍ യൂണിറ്റ് മേധാവികള്‍ക്ക് ഒഴിവാക്കേണ്ടവരുടെ പട്ടിക നാളെ രാവിലെ മാനേജ്‌മെന്റ് കൈമാറും.
3861 എംപാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിടുന്നത്. ഇതോടൊപ്പം പിഎസ്‌സി അഡ്വൈസ് മെമ്മോ നല്‍കിയ 4051 പേര്‍ക്കും നിയമന ഉത്തരവും അയച്ചുതുടങ്ങും. രണ്ടു ദിവസത്തിനുള്ളില്‍ താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതിന് ഹൈക്കോടതി വെള്ളിയാഴ്ചയാണു നിര്‍ദേശിച്ചത്. എംപാനല്‍ ജീവനക്കാരെ ഒഴിവാക്കുന്നതിന് സാവകാശം ആവശ്യപ്പെട്ടങ്കിലും കോടതി അനുവദിച്ചിരുന്നില്ല. നാളെ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങള്‍ അറിയിക്കും. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചെങ്കിലും അതിനുള്ള സാവകാശം ലഭിച്ചില്ല.
കണ്ടക്ടര്‍മാരുടെ അഭാവം മൂലം ബസുകള്‍ മുടങ്ങുന്നത് ഒഴിവാക്കുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. അവധികള്‍ നിയന്ത്രിച്ചാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്. ചീഫ് ഓഫീസിന്റെ അനുമതിയില്ലാതെ കണ്ടക്ടര്‍മാര്‍ക്ക് അവധി നല്‍കേണ്ടതില്ലെന്ന് കാണിച്ച് ഉത്തരവും ഇറക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























