സംസ്ഥാനത്തുടനീളമുള്ള 5732 സര്‍വ്വീസുകളില്‍ 600ലധികം മുടങ്ങി, യാത്രക്കാര്‍ പെരുവഴിയില്‍, കണ്ടക്ടര്‍ ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ പകരം നിയമിക്കാന്‍ നീക്കം, അവധി നല്‍കില്ല
എംപാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍. ഇന്ന് സംസ്ഥാനത്താകെ അറുനൂറോളം സര്‍വീസുകള്‍ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് കെ.എസ്.ആര്.ടി.സിയുടെ വിലയിരുത്തല്‍. അതായത് നാലില്‍ ഒന്ന് സര്‍വീസുകള്‍ മുടങ്ങിയേക്കും. തിരുവനന്തപുരം ജില്ലയില്‍ മാത്രം കഴിഞ്ഞദിവസം റദ്ദാക്കിയത് 193 സര്‍വീസുകളാണ്. സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്തെങ്കിലും അധിക ഡ്യൂട്ടിയെടുക്കാന്‍ മിക്കയിടത്തും ആരും തയാറായിട്ടില്ല. അതേസമയം പിഎസ് സി റാങ്കുപട്ടികയിലുളള 250 പേര്‍ക്ക് മാത്രമേ ഇതുവരെ നിയമന ഉത്തരവ് നല്കാന് സാധിച്ചിട്ടുളളു. 600 സര്‍വ്വീസ് മുടങ്ങി, 5732 സര്‍വ്വീസാണ് സംസ്ഥാനത്തുടനീളം ഉള്ളത്.
അതിനാല്‍ വരുംദിവസങ്ങളിലും പ്രതിസന്ധി തുടരുമെന്നാണ് വിലയിരുത്തല്‍. 3861 എംപാനല്‍ ജീവനക്കാരെയാണ് ഇന്നലെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്. തിരുവനന്തപുരം ജില്ലയിലെ 23 ഡിപ്പോകളിലായി 1063 എംപാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. സിറ്റി ഡിപ്പോയില്‍ മാത്രം 118 പേര്. കണ്ടക്ടര്‍മാരുടെ കുറവ് കാരണം തിരുവനന്തപുരം ജില്ലയില്‍ 193 സര്‍വീസുകള്‍ റദ്ദാക്കി. മിക്ക ഡിപ്പോയിലും 15നും 20 നും ഇടയ്ക്ക് സര്‍വീസുകള്‍ ഓടിച്ചിട്ടില്ല. സര്‍വീസ് സ്ഥിര ജീവനക്കാരെ കൂടുതല്‍സമയം ജോലി ചെയ്യിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് യൂണിറ്റ് അധികാരികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
അങ്ങനെ തയാറാകുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായ വേതനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ മിക്കയിടത്തും അധികജോലി ചെയ്യാന്‍ സ്ഥിര ജീവനക്കാര്‍ തയാറായിട്ടില്ല. 5492 പേരാണ് നിയമന ഉത്തരവ് കൈപ്പറ്റി കാത്തിരിക്കുന്നത്. പി.എസ്.സി ശുപാര്‍ശ ചെയ്ത 4051 കണ്ടക്ടര്‍മാര്‍ക്ക് നിയമനം നല്കാന് നിര്‍വാഹമില്ലെന്ന് കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയതോടെ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.
പലരും കണ്ടക്ടര്‍ തസ്തികയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. ജോലിയില്‍ കയറുന്നവരില്‍ ഭൂരിപക്ഷവും മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ ജോലി ലഭിക്കുമ്പോള്‍ ഇത് ഉപേക്ഷിക്കും. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറവും ജോലി സമയവും ജോലിയുടെ രീതിയും പൊരുത്തപ്പെടാതെയാണ് ഭൂരിപക്ഷം പേരും കെ.എസ്.ആര്.ടി.സി വിടുന്നത്. അപ്പോഴും എം.പാനലുകാരായിരുന്നു കെ.എസ്.ആര്.ടി.സിയുടെ ആശ്രയം.
ജീവനക്കാര്‍ അനാവശ്യ അവധിയെടുക്കുന്നത് വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള ഉത്തരവുകള്‍ ഇറക്കി സര്‍വ്വീസുകള്‍ സുഗമമാക്കാനും കെ.എസ്.ആര്.ടി.സി ആലോചിക്കുന്നുണ്ട്. എന്നാലിത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയേക്കും. യൂണിറ്റ് ഓഫീസുകള്‍ക്ക് പകരം ചീഫ് ഓഫീസുകള്‍ അവധി അനുമതി നല്‍കണമെന്നായിരിക്കും പുതിയ ഉത്തരവ്. മെക്കാനിക്കല്‍ വിങ്ങില്‍ ജോലി ചെയ്യുന്ന, കണ്ടക്ടര്‍ ലൈസന്‍സുള്ളവരെയും സര്‍വ്വീസ് മുടങ്ങാതിരിക്കാതിരിക്കാന് ഉപയോഗിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പമ്പ സര്‍വ്വീസ് മുടങ്ങാതിരിക്കാന്‍ ജൂനിയര്‍ കണ്ടക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha