ജോസ് കെ.മാണി രാജ്യസഭാ എം.പിയായതോടെ അദ്ദേഹത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന കോട്ടയത്ത് സീറ്റ് തരപ്പെടുത്താന്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ പരക്കംപാച്ചില്‍, സജി മഞ്ഞക്കടമ്പന് മുതല്‍ മുന്‍ ജഡ്ജ് വരെ രംഗത്ത്
ജോസ് കെ.മാണി രാജ്യസഭാ എം.പിയായതോടെ അദ്ദേഹത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന കോട്ടയത്ത് സീറ്റ് തരപ്പെടുത്താന്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ പരക്കംപാച്ചില്‍. ജോസ് കെ.മാണി രാജിവെച്ചത് മുതല്‍ സജി മഞ്ഞക്കടമ്പന് മുതല്‍ മേലോട്ടുള്ള നേതാക്കള്‍ ഇതിനായി ചരട് വലി ആരംഭിച്ചു. കെ.എം മാണി അടുത്തതവണയും എം.എല്‍.എയായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നതിനാലും ജോസ് കെ.മാണി വീണ്ടും മത്സരിക്കാന്‍ സാധ്യതയില്ലാത്തതിനാലും സീറ്റ് മറ്റാര്‍ക്കെങ്കിലും കൈമാറിയേ തീരൂ. അത് ആരാണെന്നാണ് കേരളാ കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ ഉറ്റ് നോക്കുന്നത്. തിരുവല്ല നിയമസഭാ സീറ്റില്‍ മത്സരിച്ച് തോറ്റ ജോസഫ് എം. പുതുശേരിക്ക് സീറ്റ് നല്‍കാനിടയില്ല. സ്റ്റീഫന്‍ ജോര്‍ജ്ജ്, തോമസ് ചാഴിക്കാടന് എന്നിവരാണ് മറ്റ് സീറ്റു മോഹികള്‍.
ഇടഞ്ഞ് നിന്നിരുന്ന കേരളാ കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ എടുത്തപ്പോള്‍ തന്നെ രാജ്യസഭാ സീറ്റ് നല്‍കാമെന്നും കോട്ടയം സീറ്റ് കൈവശം വച്ചോളാനും ധാരണയായിരുന്നു. പി.ജെ കുര്യന് രാജ്യസഭാ ഉപാധ്യക്ഷനാകാതിരിക്കാന് ഉമ്മന്‍ചാണ്ടി കളിച്ച കളിയാണ് ജോസ് കെ. മാണിക്ക് തുണയായത്. മുന്നണിയിലില്ലാതിരുന്ന ജോസ്.കെ മാണി ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ കോണ്‍ഗ്രസുകാര്‍ കാലുവാരുമെന്ന് ഉറപ്പാണ്. അതിനാലാണ് ഉമ്മന്‍ചാണ്ടി താലത്തില്‍ വെച്ച് നീട്ടിയ രാജ്യസഭാ സീറ്റ് കോരളാകോണ്‍ഗ്രസ് ഇരുകയ്യും നീട്ടി സ്വീകരിച്ചത്. കത്തോലിക്കാ സഭ് ചാഴികാടന്റെ സഹോദരപുത്രനും യൂത്ത് ഫ്രണ്ട് ജനറല്‍ സെക്രട്ടറിയുമായ സിറിയക് ചാഴികാടനെ മത്സരിപ്പിക്കണമെന്നാണ് കെ.എം മാണിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ വന്നാല്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് ഇടയും. കഴിഞ്ഞ തവണ പൂഞ്ഞാര്‍ സീറ്റ് ഉറപ്പിച്ചിരുന്ന സജിമോനോട് പാര്‍ട്ടിക്ക് താല്പര്യമുണ്ട്. യൂത്ത് ഫ്രണ്ട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രിന്‍സ് ലൂക്കോസും ചരട് വലിക്കുന്നുണ്ട്.
മാണിയുമായി ഏറെ അടുപ്പമുള്ള റിട്ടയേഡ് ജസ്റ്റിസ്, എം ജി സര്‍വ്വകലാശാല മുന്‍ വി.സി ബാബു സെബാസ്റ്റ്യന്‍ എന്നിവരെ മത്സരിപ്പിക്കാനാണ് തീരുമാനമെന്നും അറിയുന്നു. ഇവരെയൊക്കെ പിണക്കി കോട്ടയംനിലനിര്ത്താന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ഉമ്മന്‍ചാണ്ടി കോട്ടയത്ത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമില്ലാത്ത സ്ഥിതിയിലാണ് ഉമ്മന്‍ചാണ്ടി. അടുത്ത തവണ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതിന്റെ ലക്ഷണങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തരുന്നു. അങ്ങനെയെങ്കില്‍ ക്യാമ്പിനെറ്റ് മന്ത്രിയാകാന്‍ ഉമ്മന്‍ചാണ്ടി കോട്ടയത്ത് മത്സരിച്ചേക്കും. കെ.എം മാണി അതിനെ എതിര്‍ക്കുകയുമില്ല.
കാരണം ഇടതിലും വലതിലുമില്ലാതെ തേരാപ്പാര നടന്ന കെ.എം മാണിയെ യു.ഡി.എഫിലേക്ക് തിരികെ കൊണ്ടുവരുകയും ഗൃഹപ്രവേശന സമ്മാനമായി രാജ്യസഭാ സീറ്റ് നല്‍കുകയും ചെയ്തത് ഉമ്മന്‍ചാണ്ടിയുടെ ചാണക്യതന്ത്രമാണ്. ഉമ്മന്‍ചാണ്ടിക്ക് സീറ്റ് വിട്ട് കൊടുത്താല്‍ കേരളാകോണ്‍ഗ്രസിലെ തമ്മിലടി അവസാനിപ്പിക്കാനും കെ.എം മാണിക്കാകും. ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ ഒരു ക്രൈസ്തവ സഭകളും എതിര്‍ക്കുകയുമില്ല.
https://www.facebook.com/Malayalivartha