എം.പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിന്റെ മറവില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അട്ടിമറിക്കാന്‍ സംഘടനകളുടെ ഗൂഢനീക്കം

എം.പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിന്റെ മറവില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകളില്‍ മിക്കതും അട്ടിമറിക്കാന്‍ ചില സംഘടനകള്‍ ഗൂഢനീക്കം. താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനാല്‍ സ്ഥിരം ജോലിക്കാര്‍ അധിക ജോലി ചെയ്യണമെന്ന് മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇങ്ങനെ അധിക ജോലി ചെയ്യരുതെന്ന് പറഞ്ഞ് സംഘടനാ നേതാക്കള്‍ ജീവനക്കാരെ വിലക്കിക്കൊണ്ടാണ് ബസ് സര്‍വീസുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.ഡിപ്പോ അധികാരികള്‍ തുടങ്ങി കോര്‍പറേഷന്റെ മദ്ധ്യനിര മാനേജ്‌മെന്റ് ഇതിന് പിന്തുണയും നല്‍കുന്നു.
ഇവരുടെ ഈ നിഴല്‍ യുദ്ധം കാരണം സര്‍വീസുകള്‍ അലങ്കോലമായി യാത്രക്കാരുടെ ദുരിതം ഇരട്ടിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉന്നത മാനേജ്‌മെന്റ്.
എം.പാനലുകാരുടെ അഭാവത്തില്‍ അധികഡ്യൂട്ടി ചെയ്യുന്ന സ്ഥിരംജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും തുല്യമായ തുക അധിക ഡ്യൂട്ടിക്ക് നല്‍കാമെന്നായിരുന്നു ഉറപ്പ്. മുമ്പ് താത്കാലിക ജീവനക്കാര്‍ക്ക് നല്‍കുന്ന 480 രൂപയാണ് അധിക ഡ്യൂട്ടിക്ക് നല്‍കിയിരുന്നത്.
സംഘടനകളുമായി ബന്ധപ്പെട്ട കണ്ടക്ടര്‍മാര്‍ മിക്കപ്പോഴും അധികം ജോലിഭാരമില്ലാത്ത റൂട്ടുകളാണ് തിരഞ്ഞെടുക്കുന്നത്. എം.പാനലുകാര്‍ പോയതോടെ ഈ റൂട്ടുകളില്‍ പോകാന്‍ സ്ഥിരം ജീവനക്കാരും കുട്ടി നേതാക്കന്മാരും നിര്‍ബന്ധിതരാവുകയാണ്. അതുതന്നെയാണ് ഈ അട്ടിമറി നടത്തുന്നതിന് കാരണം. ഹൈക്കോടതിവിധിപ്രകാരം താത്കാലിക കണ്ടക്ടര്‍മാരെ (എംപാനല്‍ഡ്) പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി.യുടെ 1763 സര്‍വീസുകള്‍ ചൊവ്വാഴ്ച മുടങ്ങി. പിരിച്ചുവിട്ട താത്കാലികക്കാര്‍ക്ക് പിന്തുണയുമായി സ്ഥിരംജീവനക്കാര്‍ നിസ്സഹകരണംകൂടി തുടങ്ങിയതോടെ യാത്രാക്ലേശം രൂക്ഷമായി.
തിരുവനന്തപുരം മേഖലയില്‍ 622, എറണാകുളം കേന്ദ്രമായ മധ്യമേഖലയില്‍ 769, കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ മേഖലയില്‍ 372 എന്നിങ്ങനെയാണ് മുടങ്ങിയ ഷെഡ്യൂളുകള്‍. മധ്യ, വടക്കന്‍ ജില്ലകളിലാണ് പ്രധാനമായും യാത്രാക്ലേശം. സ്ഥിരംജീവനക്കാരെ ഉപയോഗിച്ച് പരമാവധി ബസുകള്‍ ഓടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍, താത്കാലിക കണ്ടക്ടര്‍മാരെ നിയോഗിച്ചിരുന്ന ഷെഡ്യൂളുകള്‍ ഏറ്റെടുക്കാന്‍ സ്ഥിരംജീവനക്കാര്‍ വിസമ്മതിക്കുകയാണ്. അധികവേതനം നല്‍കിയിട്ടും നിസ്സഹകരണം തുടരുകയാണ്. ജീവനക്കാരുടെ സംഘടനകളും സഹകരിക്കുന്നില്ല.
ബസുകളില്‍ ജീവനക്കാരെ വിന്യസിക്കാനുള്ള ചുമതല മധ്യനിര മാനേജ്‌മെന്റിനാണ്. ഇവരില്‍ നല്ലൊരു ശതമാനവും യൂണിയന്‍ നേതാക്കളുടെ ആശ്രിതരും രാഷ്ട്രീയ ചായ്വുള്ളവരുമാണ്. അതുകൊണ്ടുതന്നെ സ്ഥിരജീവനക്കാരുടെ വിന്യാസം ഫലപ്രദമായിട്ടില്ല.തിങ്കളാഴ്ച മുതലാണ് താത്കാലികക്കാരെ ഒഴിവാക്കിത്തുടങ്ങിയത്. എന്നാല്‍, തിങ്കളാഴ്ചത്തെ വരുമാനത്തില്‍ (7.49 കോടി രൂപ) കാര്യമായ കുറവില്ല. പമ്പ ബസുകള്‍ 56.27 ലക്ഷം രൂപ നേടി
കണ്ടക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി അഡൈ്വസ് മെമ്മോ ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ നാളെ തിരുവനന്തപുരം കോട്ടയ്ക്കകത്തെ ആസ്ഥാനമന്ദിരത്തില്‍ എത്തണമെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. 4051 പേര്‍ക്കും നിയമന ഉത്തരവ് രജിസ്‌റ്റേര്‍ഡ് തപാലില്‍ അയച്ചിട്ടുണ്ട്. അന്ന് തന്നെ നാല് ബാച്ചുകളായി എം.ഡി ഇവരെ അഭിസംബോധന ചെയ്യും. പി.എസ്.സി നിയമനോപദേശം, ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം. നിയമന ഉത്തരവ് ലഭിക്കാന്‍ കാലതാമസം നേരിടുന്നതുകൊണ്ടാണ് ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. ഇതില്‍ 1456 പേര്‍ വനിതകളാണ്.
ന്‌ലവില്‍ ഉള്ള 80 ശതമാനം ഷെഡ്യൂളുകളെങ്കിലും ഓടിച്ചാല്‍ യാത്രാക്ലേശം ഒഴിവാക്കാനാകും. 1000 ഷെഡ്യൂളുകളിലാണ് താത്കാലികക്കാരെ വിന്യസിച്ചിരുന്നത്. ഇതില്‍ പകുതിയെങ്കിലും സ്ഥിരംജീവനക്കാരെക്കൊണ്ട് നികത്താനാണ് ശ്രമം. അവധിയിലുള്ള കണ്ടക്ടര്‍മാരോട് തിരികെ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവധിയനുവദിക്കുന്നതിനും കര്‍ശന നിയന്ത്രണമുണ്ട്.
പ്രതിസന്ധി മറികടക്കാന്‍ ഉന്നതോദ്യോഗസ്ഥരുടെ യോഗം ബുധനാഴ്ച ചേരും. പ്രതിസന്ധി മറികടക്കാന്‍ നിയമോപദേശം തേടിയശേഷം കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
https://www.facebook.com/Malayalivartha
























