ജീവനക്കാരുടെ പണിമുടക്കും ബാങ്ക് അവധിയും പൊതു അവധിയും ഒന്നിച്ചെത്തുന്നതോടെ വെള്ളിയാഴ്ച മുതല്‍ അഞ്ചു ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും

ജീവനക്കാരുടെ പണിമുടക്കും ബാങ്ക് അവധിയും പൊതു അവധിയും ഒന്നിച്ചെത്തുന്നതോടെ വെള്ളിയാഴ്ച മുതല്‍ അഞ്ചു ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. ശമ്പള പരിഷ്‌കരണം, പെന്‍ഷന്‍ പരിഷ്‌കരണം എന്നിവയാവശ്യപ്പെട്ട് ഇന്ത്യന്‍ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ മൂന്നരലക്ഷത്തോളം ഓഫിസര്‍മാര്‍മാരാണ് വെള്ളിയാഴ്ച അഖിലേന്ത്യ പണിമുടക്ക് പ്രഖ്യാപിച്ചത്.
നാലാം ശനിയായതിനാല്‍ 22ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഞായറാഴ്ച പൊതു അവധി. 25ന് ക്രിസ്മസ് അവധി. ബാങ്ക് ഓഫ് ബറോഡ, ദേന, വിജയ ബാങ്കുകളുടെ ലയനനീക്കത്തിനെതിരെ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ 26നും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇതിനിടയില്‍ 24ന് മാത്രമാണ് പ്രവൃത്തിദിനം. തുടര്‍ച്ചയായ അവധിക്കും ക്രിസ്മസിനുമിടയിലെ പ്രവൃത്തിദിനം ഫലത്തില്‍ അവധിക്ക് തുല്യമായിരിക്കുമെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്. ജീവനക്കാരുടെ കുറവ് കാരണം ഈ ദിവസം ഭാഗികമായേ പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ളൂ. മാത്രമല്ല, തിങ്കളാഴ്ച വന്‍ തിരക്കുമായിരിക്കും. കാത്തലിക് സിറിയന്‍ഐ.ഡി.ബി.ഐ ബാങ്കുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ഗ്രാമീണ ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വെള്ളിയാഴ്ചയിലെ പണിമുടക്കെന്ന് ഇന്ത്യന്‍ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികളായ എബ്രഹാം ഷാജി ജോണ്‍, ജി.ആര്‍. ജയകൃഷ്ണന്‍, വി.എസ്. പ്രദീപ്, ടി.എം. രാജലക്ഷ്മി, എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ക്ലര്‍ക്കുമാരുടെയും പ്യൂണുമാരുടെയും അഞ്ചു സംഘടനകളും ഓഫിസര്‍മാരുടെ നാലു സംഘടനകളും ഉള്‍പ്പെടെ ഒമ്പത് സംഘടനകള്‍ ഉള്‍പ്പെടുന്ന യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സാണ് ബാങ്ക് ലയനത്തിനെതിരെ 26ന് പണിമുടക്ക് പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha























