പിരിച്ച് വിട്ട എംപാനല്‍ ജീവനക്കാര്‍ക്ക് വിവിധ ജില്ലകളില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യബസുകളില്‍ ജോലി നല്‍കുമെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി

പിരിച്ച് വിട്ട എം പാനല്‍ ജീവനക്കാര്‍ക്ക് വിവിധ ജില്ലകളില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യബസുകളില്‍ ജോലി നല്‍കും. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും തൃശൂരില്‍ ചേര്‍ന്ന ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇവരെ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായി ചേര്‍ക്കുകയും ചെയ്യും.
സ്വകാര്യബസുകളില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ സംസ്ഥാനത്തെ ബസ് ഓപറേറ്റേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ ജില്ല ഓഫിസില്‍ എത്തി അപേക്ഷ നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം സര്‍ക്കാറിനെയും കെ.എസ്.ആര്‍.ടി.സി മാനേജ്മന്റെിനെയും രൂക്ഷമായി വിമര്‍ശിച്ച് പിരിച്ചുവിടപ്പെട്ട എം പാനല്‍ ജീവനക്കാരുടെ ലോങ് മാര്‍ച്ചിന് ആലപ്പുഴയില്‍ തുടക്കം. ജോലി തിരികെ നല്‍കണമെന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ ആയിരത്തിലേറെപ്പേരാണ് അണിനിരക്കുന്നത്. മാര്‍ച്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. ജോലി നഷ്ടപ്പെട്ടവരുടെ പ്രയാസങ്ങളും ജീവിത പ്രതിസന്ധികളുമാണ് മാര്‍ച്ചിന്റെ മുദ്രാവാക്യങ്ങള്‍. ഹൈക്കോടതി ഉത്തരവോടെ പടിയിറങ്ങേണ്ടി വന്ന തങ്ങള്‍ക്ക് ജോലി തിരികെ നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നതാണ് പ്രധാന ആവശ്യം. കെ.എസ്.ആര്‍.ടി.സി ഡിപ്പോ പരിസരത്തുനിന്ന് തുടങ്ങിയ മാര്‍ച്ച് രണ്ടര കിലോമീറ്റര്‍ പിന്നിട്ട് ഇ.എം.എസ് സ്‌റ്റേഡിയം പരിസരത്ത് സമാപിച്ചു.
വ്യാഴാഴ്ച ഹരിപ്പാട്ടും വെള്ളിയാഴ്ച കരുനാഗപ്പള്ളിയിലും ശനിയാഴ്ച കൊല്ലത്തും ഞായറാഴ്ച ആറ്റിങ്ങലിലുമാണ് ലോങ്ങ് മാര്‍ച്ച് എത്തിച്ചേരുക. തിങ്കളാഴ്ച ഉച്ചയോടെ സെക്രട്ടേറിയറ്റ് നടയിലെ സമര സമാപനത്തില്‍ പിരിച്ചുവിടപ്പെട്ടവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. മുഖ്യമന്ത്രി അടക്കമുള്ളവരെ നേരില്‍ കണ്ട് നിവേദനം നല്‍കാനാണ് കൂട്ടായ്മയുടെ ആലോചന.
https://www.facebook.com/Malayalivartha























