സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത് പ്രളയബാധിതര്‍ക്കാണോ, വനിതാ മതിലിനാണോയെന്ന ചോദ്യവുമായി ഹൈക്കോടതി

പ്രളയബാധിതര്‍ക്കാണോ, വനിതാ മതിലിനാണോ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന ചോദ്യവുമായി ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് നല്‍കിയ ഹര്‍ജിയില്‍ കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് കേസ് ഇന്നു വീണ്ടും പരിഗണിക്കും. ജനുവരി ഒന്നിനു നടത്താന്‍ നിശ്ചയിച്ചിട്ടുള്ള വനിതാ മതില്‍ പരിപാടിക്കായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ചുവെന്നാരോപിച്ചാണ് അഡ്വ. പി.ഇ. സജല്‍ മുഖേന ഫിറോസ് ഹര്‍ജി നല്‍കിയത്.
സംസ്ഥാനത്തു കനത്തനാശം വിതച്ച പ്രളയത്തിലെ ഇരകള്‍ക്ക് സഹായം ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും പൊതുജനങ്ങളെ അറിയിക്കാന്‍ പത്രങ്ങളില്‍ പരസ്യം ചെയ്യാന്‍ ഫിറോസിന്റേതുള്‍പ്പടെയുള്ള പൊതുതാല്‍പര്യ ഹര്‍ജികളില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പരസ്യം ചെയ്യാന്‍ പണം ഇല്ലായെന്നു ബോധ്യപ്പെടുത്തി സര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നു.
പ്രളയകാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ പണം ഇല്ലാത്ത സര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള വനിതാമതില്‍ പരിപാടിക്കായി ഖജനാവില്‍നിന്നു കോടികള്‍ ചെലവഴിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. വനിതാ മതില്‍ സംബന്ധിച്ചു സാമൂഹിക മാധ്യമങ്ങളിലും മറ്റു മാധ്യമങ്ങള്‍ വഴിയും പരസ്യവും മറ്റും ചെയ്യണമെന്നു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നു ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
വനിതാ മതിലിനായി ചെലവാക്കുന്ന പണം എത്രയാണെന്നും, അത് ഏതു വകുപ്പില്‍നിന്ന് ചെലവഴിക്കുന്നെന്നും, പ്രളയത്തിന് ഇല്ലാത്ത എന്തു പ്രത്യേകതയാണ് വനിതാ മതിലിനെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു. പ്രളയ ദുരിതാശ്വാസനിധിയില്‍നിന്നാണു വനിതാ മതിലിനു പണം ചെലവഴിക്കുന്നതെങ്കില്‍ അത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു
"
https://www.facebook.com/Malayalivartha























