വനിതാ മതിലിൽ പങ്കെടുക്കുന്നവർക്കും ഈ നിയമം ബാധകമാവുമോ? അയ്യപ്പ ജ്യോതിയിൽ പങ്കെടുത്ത 1400 പേർക്കെതിരെ കേസെടുത്തതോടെ വനിതാമതിലിൽ പങ്കെടുക്കുന്ന സാധാരണ സ്ത്രീകൾ ആശങ്കയിൽ

ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 26നു സംസ്ഥാനത്ത് നടന്ന അയ്യപ്പജ്യോതിയിൽ പങ്കെടുത്ത 1400 പേർക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളത്ത് നടത്തിയ അയ്യപ്പ ജ്യോതിയുമായി ബന്ധപ്പെട്ടാണ് കേസ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ എം.എ.ബ്രഹ്മരാജ്, എം.എൻ.ഗോപി എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 500 പേർക്കെതിരെയാണ് അങ്കമാലി പൊലീസ് കേസെടുത്തത്.
ഇതിന് പുറമെ, പെരുമ്പാവൂരിൽ 300 പേർക്കെതിരെയും കുറുപ്പംപടിയിൽ 100 പേർക്കെതിരെയും മൂവാറ്റുപുഴയിൽ 500 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അനധികൃതമായി സംഘം ചേരൽ, മാർഗതടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അങ്കമാലിയില്‍ പോലീസ് സ്‌റ്റേഷന് എതിര്‍വശത്തു നടന്ന ഉദ്ഘാടന ചടങ്ങില്‍ പിഎസ്സി മുന്‍ ചെയര്‍മാനും ശഹരിമല കര്‍മ്മ സമിതി ദേശീയ ഉപാധ്യക്ഷനുമായ ഡോ കൈസ് രാധാകൃഷ്ണന്‍ മുന്‍ ഡിജിപി എം ജി എ. രാമന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ഇവരുടെ പേരുകള്‍ നിലവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അന്വേഷണത്തിനുശേഷം പ്രതി ചേര്‍ക്കുമെന്നും പോലീസ് അറിയിച്ചു. അയ്യപ്പജ്യോതിയുടെ വീഡിയോ പരിശോധിച്ചു വരുകയാണെന്നും അതിനനുസരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മൂവാറ്റുപുഴ പോലീസ് അറിയിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയതിനും അനധികൃതമായി സംഘം ചേര്‍ന്നതിനുമാണു കേസെടുത്തിരിക്കുന്നത്. പ്രതികളാക്കപ്പെട്ടവർക്ക് സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അയ്യപ്പ ജ്യോതിയുമായി ബന്ധപ്പെട്ട് ഗതാഗതം തടസപ്പെടുന്ന വിധത്തിൽ പാതയോരത്ത് അണിനിരന്നതിനാണ് കേസെടുത്തത്. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊതു ഇടങ്ങളിൽ റാലി നടത്തുന്നവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം. ഇത് പ്രകാരമുള്ള സ്വാഭാവിക നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. അതേസമയം ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ അയ്യപ്പജ്യോതി തെളിക്കൽ പരിപാടിക്കെതിരെ പയ്യന്നൂർ മേഖലയിലുണ്ടായ ആക്രമണത്തിൽ നാൽപതോളം സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
പരിക്കേറ്റ് തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ കഴിയുന്ന അയ്യപ്പസേവാസമാജം കണ്ണൂർ ജില്ല ഭാരവാഹി കാങ്കോൽ കരിങ്കുഴിയിലെ വി.വി. രാമചന്ദ്രൻ (57), ബിജെപി പയ്യന്നൂർ മുനിസിപ്പൽ ജനറൽ സെക്രട്ടറി അന്നൂരിലെ പുത്തലത്ത് കുമാരൻ (62) എന്നിവരുടെ പരാതിയിലാണ് കേസ്. പെരുമ്പയിൽവച്ചാണ് ഇവരെ ആക്രമിച്ചത്. അക്രമത്തിൽ പൊലീസുകാരുൾപ്പെടെ നിരവധിപേർക്ക് പരിക്കേൽക്കുകയും അഞ്ചോളം വാഹനങ്ങൾ തകർക്കുകയുംചെയ്തു.
കരിവെള്ളൂർ, ആണൂർ, കോത്തായിമുക്ക്, കണ്ടോത്ത്, പെരുമ്പ എന്നിവിടങ്ങളിലാണ് ഒരുസംഘമാളുകൾ അയ്യപ്പജ്യോതിക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രത്തിനടുത്തുവെച്ച് പ്രചാരണവാഹനം അടിച്ചുതകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് പലയിടത്തും ലാത്തി വീശിയിരുന്നു. കല്ലേറിൽ രണ്ടു പൊലീസുകാർക്കും പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്കും പരിക്കേറ്റു. പരിക്കേറ്റ പാടിയോട്ടുചാൽ സ്വദേശി ബിനീഷ് (30), കാഞ്ഞങ്ങാട് സ്വദേശി നവനീത് കൃഷ്ണ (24) എന്നിവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു ചിലരെ കാഞ്ഞങ്ങാട് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘർഷവിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈ.എസ്‌പി കെ.വി. വേണുഗോപാൽ സംഭവസ്ഥലത്തെത്തിയിരുന്നു.
അതിനിടെ അയ്യപ്പ ജ്യോതിക്കിടെ പൊലീസുകാരനെ മർദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. സംഭവത്തിൽ അറസ്റ്റിലായ അയനിക്കാട് പതിനാറാം കണ്ടത്തിൽ രമിലേഷിനെ (29) പയ്യോളി കോടതി റിമാൻഡ് ചെയ്തു. നാലുപേർക്കായി അന്വേഷണം ഊർജിതമാക്കി. വടകര പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അയനിക്കാട് മൂവായിരം വലിയോത്ത് പി. പ്രദീപ് കുമാറിനാണ് (39) ദേശീയപാതയിൽ അയനിക്കാട് വെച്ച് ബുധനാഴ്ച വൈകീട്ട് മർദനമേറ്റത്. ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപ് കുമാറിനെ ഇടറോഡിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞശേഷം മർദിച്ചെന്നാണ് പരാതി.
അതേ സമയം ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നിലപാടെടുത്ത സാഹചര്യത്തിൽ സ്ത്രീകളുടെ പ്രതിരോധം സൃഷ്ടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിലിൽ അണിചേരാൻ വിവിധ മേഖലകളിൽ പ്രശസ്തരായ സ്ത്രീകൾ എത്തും. 220 സ്ത്രീകൾ ഒപ്പിട്ട ഒരു പ്രസ്താവന ഇതിനകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിൽ നിരവധി പേർ കേരളത്തിന്റെ സാംസ്കാരിക, സാമൂഹിക മേഖലകളിൽ പ്രശസ്തരുമാണ്. വനിതാമതിലിനെ പിന്തുണയ്ക്കുന്ന ഈ പ്രസ്താവനയിൽ ഒപ്പിട്ട പ്രമുഖരെല്ലാം പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പട്ടികയ്ക്കു പുറത്തും വനിതാമതിലിനെ പിന്തുണയ്ക്കുന്ന അനവധി പ്രമുഖരുണ്ട്.
എം ലീലാവതിയാണ് ഇക്കൂട്ടത്തിൽ മുതിർന്നയാൾ. പി വൽസല, കെ അജിത, സികെ ജാനു, എസ് ശാരദക്കുട്ടി, ഗീതു മോഹൻദാസ്, പാർവ്വതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ബീന പോൾ, പികെ മേദിനി, മീര വേലായുധൻ, വിജി പെൺകൂട്ട്, സിതാര കൃഷ്ണകുമാർ തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പിട്ടിരുന്നു.
കാസറഗോഡ് നിന്നും തുടങ്ങുന്ന വനിതാമതിലിന്റെ ആദ്യത്തെ അംഗം മന്ത്രി കെകെ ശൈലജ ടീച്ചറായിരിക്കും. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, പൊയ്കയില്‍ യോഹന്നാന്‍ മുതലായ നവോത്ഥാന നായകര്‍ക്കൊപ്പം ദാക്ഷായണി വേലായുധന്‍, കാളിക്കുട്ടി ആശാട്ടി, സൈനബ (മലബാര്‍ കലാപം), ആനി മസ്ക്രീന്‍, കെ ദേവയാനി, ഹലീമാ ബീവി, പാര്‍വതി നെന്മിനിമംഗലം, ആര്യാ പള്ളം, അക്കമ്മ ചെറിയാന്‍, പാര്‍വതി അയ്യപ്പന്‍ മുതലായ ഒട്ടനവധി സ്ത്രീകളും ചേര്‍ന്നാണ് സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്‍റെയും നവോത്ഥാന ചിന്തകള്‍ കേരളത്തില്‍ രൂപപ്പെടുത്തിയതെന്ന് ഈ പ്രസ്താവനയിൽ പറയുന്നുണ്ട്. പിന്നാക്ക പ്രവണതകളിലേക്ക് കേരളത്തെ തിരിച്ചുനടത്തുവാന്‍ സ്ത്രീകളെത്തന്നെ കരുവാക്കുന്ന സാഹചര്യത്തിൽ അതിനെതിരായുള്ള ബോധവത്കരണം കൂടിയാണ് ഈ മതിലെന്നും പ്രസ്താവന പറയുന്നു.
https://www.facebook.com/Malayalivartha

























