ഇനി മുതൽ ‘യെസ് സാര്‍’ അല്ല, ‘ജയ് ഭാരത്; ഗുജറാത്തിലെ സ്‌കൂളുകളില്‍ ഹാജര്‍ വിളിയില്‍ മാറ്റം വരുത്തി; ദേശസ്നേഹം വളര്‍ത്താന്‍ എന്ന വാദത്തോടെ ബിജെപി സർക്കാർ

ഇന്ന് മുതൽ ഗുജറാത്തിലെ സ്‌കൂളുകളില്‍ ഇനി അധ്യാപകര്‍ ഹാജർ വിളിക്കുമ്പോള്‍ കുട്ടികള്‍ 'പ്രസന്റ് സര്‍' എന്ന് പറയില്ല. കാരണം ഇനി മുതൽ ഹാജര്‍ വിളിക്കുമ്പോള്‍ 'ജയ് ഭാരത്' എന്നോ 'ജയ് ഹിന്ദ്' എന്നോ കുട്ടികള്‍ മറുപടി പറയണമെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം എബിവിപി അഹമ്മഹാബാദില്‍ വെച്ച് ആദരിച്ച രാജസ്ഥാനിലെ അധ്യാപകന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ്. സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി ബോര്‍ഡിനും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചു.
ചെറുപ്പം മുതൽ തന്നെ കുട്ടികളില്‍ ദേശഭക്തി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ ഈ ഉത്തരവ്. ഇതിനായി സര്‍ക്കാര്‍, സര്‍ക്കാര്‍, എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂളുകളിലെ എല്ലാ കുട്ടികളും ‘യെസ് സാര്‍’, ‘പ്രസന്റ് സാര്‍’ എന്നതിന് പകരം ‘ജയ് ഭാരത്’, ‘ ജയ് ഹിന്ദ്’ എന്ന് പറയണം.ജനുവരി ഒന്ന് മുതല്‍ സ്‌കൂളുകളില്‍ ഇത് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇത് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരത്തണമെന്നും സർക്കാർ നിർദ്ദേശിച്ചു.
വിദ്യാഭ്യാസ രംഗത്ത് എബിവിപിയുടെ യശ്‌വന്ത്രോ കെല്‍ക്കര്‍ യൂത്ത് അവാര്‍ഡ് നേടിയ രാജസ്ഥാനിലെ ഹിസ്റ്ററി വിഭാഗം അധ്യാപകനായ സന്ദീപ് ജോഷിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഉത്തരവ്. ഇത് ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പാക്കിയതാണെന്നും പിന്നീട് മറന്നുപോയതായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിങ് പ്രതികരിച്ചു. ഇത്തരം നല്ല സംരഭങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മാതൃകയാക്കുന്നത് മോശം കാര്യമല്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























