ചർച്ചയ്ക്ക് വിളിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു; കൊല്ലം ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനത്തിനെതിരായ സമരത്തിൽ നിലപാട് കടുപ്പിച്ച് സമരസമിതി

കൊല്ലം ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനത്തിനെതിരായ സമരത്തിൽ നിലപാട് കടുപ്പിച്ച് സമരസമിതി. ചർച്ചയ്ക്ക് വിളിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്ക്കില്ലെന്ന് ആലപ്പാട് സമരസമിതി അറിയിച്ചു. സമരം നടത്തുന്നവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് മേഴ്സിക്കുട്ടിയമ്മ അറിയിച്ചിരുന്നു.
അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വ്യവസായ വകുപ്പാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാർശകൾ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കര സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
കരിമണൽ ഖനനത്തെ തുടർന്ന് ഗുരുതര പ്രശ്‌നങ്ങൾ നേരിടുന്ന ആലപ്പാടിനെ കുറിച്ചുള്ള നിയമസഭാസമിതി റിപ്പോർട്ട് അവഗണിക്കപ്പെട്ടിരുന്നു. ഖനനത്തിലേർപ്പെട്ടിരിക്കുന്ന ഇന്ത്യൻ റയർ എർത്തും കേരള മിനറൽസ് ആന്റ് മെറ്റൽസും വീഴ്‌ചകൾ വരുത്തിയെന്ന് സഭാസമിതിയുടെ റിപ്പോർട്ട് പറയുന്നു. ഇവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മേൽനോട്ടസമിതി വേണമെന്ന പരിസ്ഥിതി സമിതി ശുപാർശ ചെയ്‌തതും നടപ്പായില്ല.
പൊൻമന, ആലപ്പാട് എന്നീ ഗ്രാമങ്ങളിൽ നിന്നായി 40.46 ഹെക്‌ടറാണ് ഇന്ത്യൻ റെയർ എർത്ത് വില കൊടുത്ത് വാങ്ങി കരിമണൽ ഖനനം നടത്തുന്നത്. അറുപത് വർഷമായി ഈ ഭാഗങ്ങളിൽ ഖനനം നടക്കുന്നു. ഓരോ വർഷവും കൂടുതൽ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു. 1955ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ ഭൂവിസ്‌തൃതി ഉണ്ടായിരുന്ന പ്രദേശം ഖനനം മൂലം 7.6 ചതുരശ്ര കിലോ മീറ്ററായി ചുരുങ്ങിയതായാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha
























