ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും. ഉച്ചയ്ക്ക്12.30ന് എത്തുന്ന ഉപരാഷ്ട്രപതി 1.30ന് ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യും. 2.30ന് മടങ്ങും.
കൊച്ചിയിൽ വിമാനമിറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്റർ മാർഗം ആലപ്പുഴയിലെത്തും. അവിടത്തെ പരിപാടിക്ക് ശേഷം ഹെലികോപ്റ്ററിൽ പ്രമാടത്ത് എത്തി റോഡ് മാർഗം ആറന്മുളയിലെത്തും. ഉദ്ഘാടനത്തിനുശേഷം പ്രമാടത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററിൽ മടങ്ങും.
കൊച്ചിയിൽ രാജഗിരി സ്‌കൂൾ ഓഫ് എൻജിനിയറിങ് രജതജൂബിലി ആഘോഷം 31ന് വൈകുന്നേരം നാലുമണിക്ക് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം അഞ്ചര വരെ നഗരത്തിൽ ദേശീയ പാത 544, കളമശേരി എസ് സിഎംഎസ് ജങ്ഷൻ വരെയും മെഡിക്കൽ കോളജ് റോഡിൽ എച്ച്എംടി ജങ്ഷൻ മുതൽ തോഷിബ ജങ്ഷൻ വരെയും സീ പോർട്ട് എയർപോർട്ട് റോഡിൽ തോഷിബ മുതൽ ഇൻഫോ പാർക്ക് വെസ്റ്റ് ഗേറ്റ് വരെയും ഗതാഗത നിയന്ത്രണം ഉണ്ടാകും.
ആലുവയിൽ നിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വണ്ടികൾ പറവൂർ കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് യുസി കോളജ് ജങ്ഷനിൽ എത്തി ഇടത്ത് തിരിഞ്ഞി കടുങ്ങല്ലൂർ - മുപ്പത്തടം റോഡ് വഴി കണ്ടെയ്‌നർ റോഡിലെത്തി ചേരാനെല്ലൂർ ജങ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് ദേശീയപാത 66 വഴി ഇടപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്.
പെരുമ്പാവൂർ, കിഴക്കമ്പലം, പൂക്കാട്ടുപടി ഭാഗങ്ങളിൽ നിന്നും തൃപ്പൂണിത്തുറ, എറണാകുളം ഭാഗത്തേക്ക് വരുന്ന വണ്ടികൾ പള്ളിക്കര, കരിമുകൾ, അമ്പലമുകൾ റോഡ് വഴി ഇരുമ്പനം ജങ്ഷനിൽ എത്തണം. കളമശേരി എസ് സിഎംഎസ് ജങ്ഷൻ മുതൽ കളമശേരി ടിവിഎസ് ജങ്ഷൻവരെയും കളമശേരി എച്ച്എംടി, കളമശേരി മെഡിക്കൽ കോളജ് റോഡ്, സീപോർട്ട് എയർപോർട്ട് റോഡിലെ തോഷിബ ജങ്ഷൻ മുതൽ ഇൻഫോ പാർക്ക് വെസ്റ്റ്‌ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള സ്ഥലങ്ങളിലെ റോഡുകളുടെ ഇരുവശങ്ങളിലും വാഹനപാർക്കിങും വഴിയോരക്കച്ചവടവും അനുവദിക്കുകയില്ല.
"
https://www.facebook.com/Malayalivartha
























