ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ

കെട്ടിടത്തിന്റെ പത്താം നിലയില്‍നിന്നും താഴേക്കു ചാടിയ നവവധു നിലത്തുവീഴാതെ മരത്തിന്റെ ചില്ലയില്‍ കുരുങ്ങി. മുംബൈയിലെ സബര്‍ബന്‍ ഭാണ്ഡൂപ്പിലെ 21 നിലകളുള്ള ഫ്‌ലാറ്റിന്റെ പത്താം നിലയില്‍നിന്നുമാണ് 26 വയസ്സുള്ള യുവതി താഴേക്കു ചാടിയത്. 4 മാസം മുന്‍പാണ് യുവതി വിവാഹിതയായത്. മരത്തില്‍ കുരുങ്ങി താഴെവീഴാതെ തൂങ്ങിയാടിയ യുവതിയെ അഗ്‌നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ആത്മഹത്യാശ്രമം ആണെന്നാണ് പ്രഥമിക വിവരം.
ഫ്‌ലാറ്റിന്റെ ജനാലയില്‍ നിന്ന് ചാടിയ യുവതി നിലത്തുനിന്നും ഏകദേശം 20-25 അടി ഉയരത്തിലുള്ള മരത്തിന്റെ ചില്ലയിലാണ് കുടുങ്ങിയത്. ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് യുവതി മരത്തില്‍ കുടുങ്ങിക്കിടക്കുന്നതായി അഗ്‌നിരക്ഷാ സേനയ്ക്കു വിവരം ലഭിക്കുന്നത്. ഉടന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി. യുവതിയുടെ കാലില്‍ മരത്തിന്റെ ചില്ല തുളച്ചുകയറിയിരുന്നു. തുടര്‍ന്ന് യുവതിയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























