ചൈത്ര തേരേസ ജോണിനെതിരെ നിയമ നടപടിക്ക് നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തേരേസ ജോണിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തേരേസ ജോണിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. ചൈത്ര തേരേസ ജോണിനെതിരെ നിയമ നടപടിക്ക് നീക്കം. സിപിഎം ഓഫീസിൽ ചൈത്ര നടത്തിയ റെയ്ഡ് സംഘടനയ്ക്ക് മാനഹാനി ഉണ്ടാക്കിയതായും നേതാക്കളെ അപമാനിക്കുന്ന വിധത്തിലാണെന്നുമാണ് സിപിഎം വാദം. പൊലീസ് സ്റ്റേഷൻ ആക്രമണകേസിലെ പ്രതികളെ തേടി റെയ്ഡ് നടത്തിയതെങ്കിലും ആരെയും കണ്ടെത്താനാകാത്ത സാഹചര്യം കൂടി മുൻനിര്‍ത്തിയാണ് ചൈത്ര തെരേസ ജോണിനെതിരെ സിപിഎം നിലപാട് കടുപ്പിക്കുന്നത്.
കടുത്ത നടപടി ചൈത്രക്കെതിരെ വേണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം ചൈത്രക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. ഈ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് ചൈത്ര തെരേസ ജോണിനെതിരെ സിവിൽ ക്രിമിനൽ കേസുകൾ രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യത സിപിഎം അന്വേഷിക്കുന്നത്. ഇക്കാര്യത്തിൽ പാർട്ടി നിയമോപദേശവും തേടിയിട്ടുണ്ടെന്നാണ് വിവരം
അതിനിടെ ചൈത്രയെ വുമൺ സെല്ലിന്റെ എസ്പി സ്ഥാനത്ത് നിന്ന് മാറ്റാനും പകരം നിയമനം വൈകിപ്പിക്കാനും നീക്കം നടക്കുന്നതായും വാര്‍ത്തയുണ്ട്. ചൈത്രയ്‌ക്കെതിരേ മാനനഷ്ടക്കേസ് ഉള്‍പ്പെടെയുള്ള നീക്കങ്ങളുമായി സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. നിയമനടപടി സംബന്ധിച്ചു തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകന്‍ മുരുക്കുംപുഴ വിജയകുമാറുമായി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ചര്‍ച്ച നടത്തി. ഈ പശ്ചാത്തലത്തില്‍ വകുപ്പുതലവിശദീകരണം തേടി നടപടി അവസാനിപ്പിക്കണമെന്നു പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിനു താത്പര്യമുണ്ട്.
എന്നാല്‍, ചൈത്രയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്നാണു സി.പി.എം. ജില്ലാഘടകത്തിന്റെ ആവശ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ നീക്കത്തിനു പിന്നില്‍ പോലീസിലെ ഒരു വിഭാഗത്തിന്റെ കരങ്ങളുണ്ടെന്നും ജില്ലാഘടകം ആരോപിക്കുന്നു.
ജനുവരി 23ന് രാത്രി അന്‍പതോളം പേരടങ്ങിയ ഡി.വൈ.എഫ്.ഐ സംഘം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞതെന്നാണ് കേസ്. പ്രതികളില്‍ പ്രധാനികള്‍ മേട്ടുക്കടയിലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നതായി സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ചൈത്രയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാര്‍ട്ടി ഓഫിസില്‍ എത്തിയത്. സി.പി.ഐ.എം നേതാക്കള്‍ പൊലീസിനെ തടഞ്ഞെങ്കിലും പരിശോധന നടത്താതെ പോകില്ലെന്ന് ഡി.സി.പി നിലപാട് എടുക്കുകയായിരുന്നു. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേര്‍ മാത്രമേ പരിശോധനാ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. തൊട്ടുപിന്നാലെ ഡി.സി.പിക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു.
രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാൻ ശ്രമം നടക്കുന്നുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പാർട്ടി ഓഫീസുകൾ ഇത്തരം പരിശോധനക്ക് വിധേയമാക്കാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പൊതു പ്രവർത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടത്. പലപ്പോഴും അത് ഉണ്ടാകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു . ചൈത്രാ തെരേസ ജോണിനെതിരായ നടപടി നിയമസഭയിൽ സബ്മിഷനായി കൊണ്ടു വന്നപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥയുടെ നടപടിക്കതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha





















