കച്ചേരിക്കടവ് ബോട്ട് ജെട്ടിയിലെ വാട്ടര്‍ഹബിന്റെ നവീകരണം പൂര്‍ത്തിയായിട്ട് ഒരുവര്‍ഷം; തുറക്കല്‍ വൈകുന്നു

കച്ചേരിക്കടവിലെ വാട്ടര്‍ ഹബ് പണി പൂര്‍ത്തിയായിട്ട് ഒരു വര്‍ഷമാകുന്നു. എന്നു തുറക്കുമെന്ന് ആര്‍ക്കുമറിയില്ല. ഈ മധ്യവേനല്‍ അവധിക്ക് തുറക്കുമെന്നും കുട്ടികള്‍ക്ക് ഉല്ലാസത്തിനായി വാട്ടര്‍ഹബിലേക്ക് പോകാമെന്നുമായിരുന്നു പരക്കെ ഉണ്ടായിരുന്ന പ്രതീക്ഷ. എന്നാല്‍ ഉടനെയെങ്ങും തുറക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. വാട്ടര്‍ ഹബിലേക്ക് വന്നു ചേരുന്ന മലിനജലം ഈ പദ്ധതിക്ക് വില്ലനായതോടെയാണ് തുറക്കല്‍ വൈകുന്നത്. ഏറ്റവും ഒടുവിലായി മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാന്‍ രണ്ടു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലമാണ് കച്ചേരിക്കടവില്‍ എത്തിച്ചേരുന്നത്. ഇത് രണ്ടിടത്തായി സംഭരിച്ച് ശുദ്ധീകരിച്ച് വെള്ളമായി ആറ്റിലേക്ക് തള്ളുന്നതാണ് പദ്ധതി.
അതുപോലെ വാട്ടര്‍ ഹബിലേക്ക് ചെറുബോട്ടുകള്‍ എത്തിക്കാന്‍ പദ്ധതിയുണ്ടെങ്കിലും കൊടൂരാറില്‍ നിന്ന് കച്ചേരിക്കടവിലേക്ക് ബോട്ട് എത്തിച്ചേരാനുള്ള മാര്‍ഗവും അടഞ്ഞു കിടക്കുകയാണ്. കച്ചേരിക്കടവ് മൂതല്‍ കൊടൂരാര്‍ വരെയുള്ള ഭാഗം ചെളിനിറഞ്ഞ് നികന്നു. ഇവിടെ പുല്ലു പിടിച്ചു കിടപ്പാണ്. ചെളി നീക്കി ബോട്ട് അടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ഇത് ഏറെ ശ്രമകരമായ ജോലിയാണ്.
കോടിമത ബോട്ട് ജെട്ടി നവീകരിച്ച് കൊടൂരാറിന്റെ തീരത്ത് നടപ്പാത നിര്‍മിച്ച് , ടൈല്‍സ് വിരിച്ച് ഇരിപ്പിടങ്ങള്‍ ക്രമീകരിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ മനോഹരമാക്കിയിരുന്നു. ഇവിടം പൂര്‍ണമായി പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. പലയിടങ്ങളും ആറ്റിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും ആറ്റിലേക്ക് വീഴാവുന്ന നിലയിലാണ് നടപ്പാത.

വൈകുന്നേരങ്ങളില്‍ കുട്ടികളുമൊത്ത് കുടുംബമായി ഇവിടെ വന്നിരുന്ന് കാറ്റു കൊള്ളുന്ന നിരവധിയാളുകളുണ്ടായിരുന്നു. ഇപ്പോഴത്തെ അപകടാവസ്ഥയില്‍ നടപ്പാത ഉപയോഗിക്കാനാവില്ല. കഴിഞ്ഞ തവണയുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് നടപ്പാത ഇടിഞ്ഞതെന്നു കരുതുന്നു.
https://www.facebook.com/Malayalivartha

























