സൗജന്യ ചികിത്സാ പദ്ധതിയില്‍പ്പെട്ടവര്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ വിലകൂടിയ മരുന്നുകള്‍ നല്‍കുന്നില്ലെന്ന് ആക്ഷേപം

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വില കൂടിയ മരുന്നു നല്‍കാതെ രോഗികളെ ദ്രോഹിക്കുകയാണെന്ന് പരാതി. അഡ്മിറ്റായ രോഗികള്‍ക്ക് വിവിധ സൗജന്യ ചികിത്സാ പദ്ധതി പ്രകാരം ലഭിക്കേണ്ട വില കൂടിയ മരുന്നുകള്‍ ആശുപത്രി മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഉണ്ടായിട്ടും നല്‍കുന്നില്ലെന്നാണ് പരാതി. ആരോഗ്യ ഇന്‍ഷുറന്‍സ്, കാരുണ്യ പദ്ധതി തുടങ്ങി പൂര്‍ണമായും സൗജന്യ ചികിത്സ ലഭിക്കുന്ന രോഗികള്‍ക്കാണ് വില കൂടിയ മരുന്നുകള്‍ നല്‍കുവാന്‍ മെഡിക്കല്‍ ഷോപ്പ് അധികൃതര്‍ തയ്യാറാകാത്തത്.
കഴിഞ്ഞ ദിവസം ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ ഒരു യുവതിക്ക് കുത്തിവയ്പിനുള്ള മരുന്നിന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറില്‍ 4000 രൂപ വിലയുള്ള ഈ മരുന്നിന് സര്‍ക്കാര്‍ സ്ഥാപനമായ കാരുണ്യ ഫാര്‍മസിയില്‍ 2500 രൂപയാണ് വില. ഇവിടെ മരുന്ന് ഉണ്ടെന്ന് ചോദിച്ച് മനസിലാക്കിയ യുവതിയുടെ ഭര്‍ത്താവ് കാരുണ്യ പദ്ധതി പ്രകാരം മരുന്ന് സൗജന്യമായി വാങ്ങുവാന്‍ എത്തിയപ്പോള്‍ മരുന്നില്ലെന്നായിരുന്നു ഫാര്‍മസി ജീവനക്കാരുടെ മറുപടി.
എന്നാല്‍ 10 മിനിറ്റ് മുന്‍പ് ഇവിടെ വന്ന് അന്വേഷിച്ചപ്പോള്‍ മരുന്ന് ഉണ്ടെന്നു പറഞ്ഞല്ലോ എന്നു ചോദിച്ചപ്പോള്‍ ഉടന്‍ മരുന്ന് നല്‍കുകയും ചെയ്തു. മരുന്ന് ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമായതുകൊണ്ടാണ് മരുന്ന് നല്‍കുവാന്‍ തയാറായത്. അതല്ലെങ്കില്‍ വില കൂടിയ മരുന്നു നല്‍കുകയില്ല. ഇതാണ് ഇവരുടെ രീതിയെന്നാണ് പരക്കെ ആക്ഷേപം.
നിര്‍ധനരായ പല രോഗികള്‍ക്കും സൗജന്യമായി ലഭിക്കേണ്ട മരുന്നുകള്‍ ബന്ധപ്പെട്ടവര്‍ നല്‍കുന്നില്ല. എന്നാല്‍ പണം കൊടുത്തു വാങ്ങുവാനാണെങ്കില്‍ എല്ലാ വിധ മരുന്നുകളും കാരുണ്യ ഫാര്‍മസിയിലും ആശുപത്രി വക മെഡിക്കല്‍ സ്‌റ്റോറിലും ലഭ്യമാണ്. മെഡിക്കല്‍ സ്‌റ്റോര്‍ അധികൃതരുടെ ഇത്തരം നടപടികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് രോഗികളുടേയും അവരുടെ ബന്ധുക്കളുടേയും ആവശ്യം.
https://www.facebook.com/Malayalivartha





















