മനുഷ്യരെ വെട്ടിക്കൊല്ലുന്നത് പ്രാകൃതം;പ്രവര്‍ത്തകരെങ്കില്‍ സംരക്ഷിക്കില്ല, പാര്‍ട്ടി ബോധമുള്ളവര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ ചെയ്യില്ല’ ;കൊലപാതകികളെ തള്ളി കോടിയേരി

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ പാര്‍ട്ടി തന്നെ മുന്‍കൈ എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
എന്തെല്ലാം പ്രകോപനമുണ്ടായാലും നടക്കാൻ പാടില്ലാത്ത സംഭവമാണ് കാസര്‍കോട് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ മുൻകയ്യെടുത്ത് അക്രമസംഭവങ്ങളിൽ നടത്തരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്.തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയം അംഗീകരിക്കാത്തവരാണ്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സമാധാനപരമായ അന്തരീക്ഷം പാലിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് ഇത്തരം ശ്രമങ്ങള്‍ അത് ദുര്‍ബലപ്പെടുത്തുകയാണ്. എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും അക്രമത്തിലേക്ക് പാടില്ല. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പങ്കുണ്ടെങ്കില്‍ അത് പൊലീസ് കണ്ടെത്തണം, അത്തരക്കാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
അവിടെ മുന്‍പ് നടന്ന സംഭവങ്ങളുടെ പേരില്‍ കൊലപാതകത്തെ ന്യായീകരിക്കില്ല, എന്ത് സംഭവം നടന്നാലും എന്തിന്‍റെ പേരിലായാലും മനുഷ്യരെ വെട്ടിക്കൊല്ലാൻ പാടില്ല, അത് പ്രാകൃത നിലപാടാണ്.
ഇത്തരം സംസ്കാരം രാഷ്ട്രീയ പാര്‍ട്ടികൾ ഉപേക്ഷിക്കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായ സന്ദര്‍ഭത്തിൽ നടന്ന അക്രമം എതിരാളികൾക്ക് ആയുധമാകുകയാണ് ചെയ്തത്. ഈ സംഭവം എതിരാളികള്‍ക്ക് സഹായകമായിട്ടാണ് മാറിയിരിക്കുന്നത്.അക്രമികൾ എതിരാളികളുടെ കയ്യിലകപ്പെട്ടവരാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
പ്രതികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി എടുക്കണം. പ്രതികളെ ആരെയും രക്ഷപ്പെടാൻ അനുവദിക്കാതെ പൊലീസ് പഴുതടച്ച അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെങ്കിൽ അതും അന്വേഷിക്കണം. ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് പാര്‍ട്ടിയും അന്വേഷിക്കും. കര്‍ശന നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പാണെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു.
ഇന്നലെ രാത്രി കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ശരത്(27), കൃപേഷ്(21)എന്നിവരെയായിരുന്നു ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ച ശരത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്റുമാണ്. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
ഇന്നലെ രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലായിരുന്നു സംഭവം. നേരത്തെ ഈ സ്ഥലത്ത് സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. കല്യോട്ട് നടന്ന തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരെയും ജീപ്പിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്.
സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ മര്‍ദിച്ച സംഭവത്തില്‍ 11 കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിസ്റ്റിലായിരുന്നു. ഇതില്‍ ശരത്തും ഉണ്ടായിരുന്നു. റിമാന്‍ഡ് തടവിന് ശേഷം ഇവര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിന്റെ പ്രതികാരമാണ് ഉണ്ടായതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha

























