തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

തിരുവോണപ്പുലരിയിൽ തൃശൂരിനെ കണ്ണീരിലാഴ്ത്തി ദാരുണമായ ഒരു റോഡപകടം. തൃശൂർ ചേലക്കോട് നിയന്ത്രണംവിട്ട മിൽമ ടാങ്കർ ലോറി വഴിയരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പഴയന്നൂർ സ്വദേശി ഷമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് ഈ തിരുവോണ നാളിൽ മരണത്തിന് കീഴടങ്ങിയത്.ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മറ്റൊരു പെട്രോൾ ടാങ്കർ ലോറിയുടെ ഡ്രൈവറായ ജോസഫ്, തന്റെ വാഹനം വഴിയരികിൽ നിർത്തി ചായ കുടിക്കാനായി എത്തിയതായിരുന്നു. കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴിയും ഇവിടെ ചായ കുടിക്കാൻ ഒത്തുകൂടി. ഇരുവരും കടയിൽ ഇരുന്ന് ചായ കുടിക്കുന്നതിനിടയിലാണ്, അമിതവേഗതയിലെത്തിയ മിൽമ ടാങ്കർ ലോറി നിയന്ത്രണംവിട്ട് ഇവർക്ക് നേരെ പാഞ്ഞുകയറിയത്.
പെട്ടെന്നുണ്ടായ അപകടത്തിൽ ഇരുവരും ടാങ്കർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന ഇരുവരെയും അതീവ പ്രയത്നത്തിനൊടുവിലാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. ഓണനാളിലെ ഈ വലിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇപ്പോൾ ചേലക്കോട് ഗ്രാമം മുഴുവൻ.
https://www.facebook.com/Malayalivartha
























