റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്

ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്.
കിലിയൻ എംബാപ്പെയുടെ തകർപ്പൻ ഹാട്രിക്കാണ് റയലിന് മിന്നും ജയം സമ്മാനിച്ചത്. ഈ ആധികാരിക വിജയത്തോടെ ലാ ലിഗ പോയിന്റ് ടേബിളിൽ റയൽ ഒന്നാം സ്ഥാനത്തെത്തി. 13 വർഷങ്ങൾക്ക് ശേഷം പരിശീലകനായി ജോസെ മൗറീഞ്ഞോ റയൽ മഡ്രിഡിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ ഹോം മത്സരമായിരുന്നു ഇത്.
ആദ്യ പകുതിയിൽ താളം കണ്ടെത്താൻ റയൽ പാടുപെട്ടപ്പോൾ ഗാലറിയിൽ നിന്ന് ആരാധകരുടെ കൂവൽ കേൾക്കേണ്ടി വന്നെങ്കിലും, രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ചാണ് റയൽ മഡ്രിഡ് വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 40-ാം മിനിറ്റിൽ എംബാപ്പെയിലൂടെ റയൽ ആണ് ആദ്യം അക്കൗണ്ട് തുറന്നത്.
എന്നാൽ, നാല് മിനിറ്റിനുള്ളിൽ സൊസൈഡാഡിന്റെ ലൂക്ക സുസിച്ച് ഒരു ഗോളടിച്ച് സമനില പിടിച്ചു. ജോബ് ഒച്ചിയെങ്ങിന്റെ മുന്നേറ്റത്തിൽ നിന്നാണ് ഈ ഗോൾ പിറന്നത്. തുടർന്ന് രണ്ടാം പകുതിയിൽ, കളിയുടെ 60-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ പാസിൽ നിന്ന് എംബാപ്പെ റയലിന്റെ രണ്ടാം ഗോൾ നേടുകയും ചെയ്തു. എട്ട് മിനിറ്റുകൾക്ക് ശേഷം വിനീഷ്യസ് ജൂനിയർ മൂന്നാം ഗോളും നേടി റയലിന്റെ ലീഡ് ഉയർത്തി.
ബെല്ലിങ്ഹാമിന്റെ മികച്ചൊരു മുന്നേറ്റമാണ് ഇതിന് വഴിയൊരുക്കിയത്. തുടർന്ന് 80-ാം മിനിറ്റിൽ വിനീഷ്യസിന്റെ പാസിൽ നിന്ന് ലഭിച്ച പന്ത് മികച്ചൊരു ചിപ്പിലൂടെ വലയിലെത്തിച്ച് എംബാപ്പെ തന്റെ ഹാട്രിക് പൂർത്തിയാക്കി.
https://www.facebook.com/Malayalivartha

























