രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും; വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത ആഹ്ളാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി

വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത ആഹ്ളാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ദക്ഷിണേന്ത്യയിലാകെ രാഹുലിന്‍റെ സാന്നിധ്യം ആവേശമുണര്‍ത്തും. ഇപ്പോള്‍ തന്നെ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ട് രാഹുല്‍ വന്നാല്‍ അത് സൂപ്പര്‍ തരംഗമായി മാറും. വയനാട്ടില്‍ അദ്ദേഹം വെന്നിക്കൊടി പറപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ വരുന്നുവെന്ന വാര്‍ത്ത തന്നെ ആവേശം നല്‍കുന്നതാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരട്ടെ വിശദമായ പ്രതികരണം എന്നിട്ടാവാം... മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം രാഹുലിന് വേണ്ടി പിന്മാറാന്‍ തയ്യാറെന്ന് സിദ്ധിഖ് അറിയിച്ചു. രാഹുലിന്റെ പ്രചാരണ ചുമതല ഏറ്റെടുക്കുമെന്നും സിദ്ധിഖ് അറിയിച്ചു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഉടനെ പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചു. വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് കെപിസിസി ആവശ്യപ്പെട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു.
നിലവില്‍ വയനാട്ടില്‍ മത്സരിക്കാനിരിക്കുന്ന ടി. സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും രാഹുലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനുകൂലതീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം മുമ്ബ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ എംഎല്‍എമാരായ വിടി ബല്‍റാമും കെഎ ഷാജിയും ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലൊരു മണ്ഡലത്തില്‍ മത്സരിക്കണമെന്നായിരുന്നു ആവശ്യമുയര്‍ന്നിരുന്നത്.
കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നല്‍കിയിരുന്നു. ബംഗളൂരു സെന്‍ട്രല്‍, ബിദര്‍, മൈസൂരു എന്നിവയില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്നായിരുന്നു ആവശ്യം.
ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയും കര്‍ണാടകത്തില്‍ മത്സരിച്ചിട്ടുണ്ട്. ഈ മാതൃക രാഹുല്‍ഗാന്ധിയും പിന്തുടരണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. കര്‍ണാടകം കൂടാതെ തമിഴ്നാടും സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കന്യാകുമാരി, ശിവഗംഗ എന്നീ മണ്ഡലങ്ങളാണ് തമിഴ്നാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധിക്കായി ഉയര്‍ത്തിക്കാട്ടിയത്.
അതേസമയം രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മാറി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വയനാട് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത് എത്തി. സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് അനുചിതമല്ലെയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിനായി വയനാട്ടില്‍ വരണമെന്നും സുരേന്ദ്രന്‍ പറയുന്നു. അമേഠിയില്‍ രാഹുല്‍ ഗാന്ധി ദയനീയമായി പരാജയപ്പെടുമെന്ന് മാസങ്ങള്‍ക്കുമുന്‍പെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചപ്പോള്‍ കൊങ്ങികളും കമ്മികളും തന്നെ പരിഹസിക്കുകയായിരുന്നെന്നും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























