ബാലാവകാശ രംഗത്ത് കേരളം സാർവദേശീയ മാനദണ്ഡങ്ങൾ യാഥാർത്ഥ്യമാക്കുന്നു: ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ

18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ കരുതലും സംരക്ഷണവും സാധ്യമാക്കുന്നതിനും നിയമത്തോട് വിമുഖത കാട്ടുന്ന കുട്ടികളുടെ തിരുത്തൽ പ്രക്രിയ സാധൂകരിക്കുന്നതിനുമായുള്ള സാർവദേശീയ സർവീസസ് മാനദണ്ഡങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമമാണ് കേരളം നടത്തുന്നതെന്ന് കേരള ലീഗൽ അതോറിറ്റി ചെയർമാനും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ്. പി. ആർ. രാമചന്ദ്രമേനോൻ. അതിജീവനം, വികസനം, പരിരക്ഷ, പങ്കാളിത്തം എന്നീ മുഖ്യ തത്വങ്ങൾ യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യമാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. അതിനു വേണ്ടി ബാലനീതി നിയമം ഉൾപ്പെടെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് സംസ്ഥാന വനിത ശിശു വികസന വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമം എന്നും ജസ്റ്റിസ്. പി. ആർ. രാമചന്ദ്രമേനോൻ പറഞ്ഞു. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പുതുതായി ചുമതലയേറ്റ ചൈൽഡ് വെൽഫെയർ കമ്മിറ്റി / ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ എന്നിവർക്കായി ഐ.എം.ജി. യിൽ സംഘടിപ്പിച്ച ത്രിദിന ശിൽപ്പശാലയിൽ നീതിന്യായ സെഷന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന മുന്നോട്ട് വെയ്ക്കുന്നതായ കുട്ടികൾക്ക് വേണ്ടിയുള്ള സവിശേഷ അവകാശങ്ങളും രാജ്യത്ത് പ്രാബല്യത്തിൽ ഉള്ള ബാലാവകാശ നിയമങ്ങളുൾക്കൊള്ളുന്ന സാധ്യതകളും നമ്മുടെ കുട്ടികൾക്ക് ഉറപ്പാക്കാൻ കഴിയണം. അതിനായി സുതാര്യമായും കർത്തവ്യ ബോധത്തോടെയും പ്രവർത്തിക്കാൻ കഴിയണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
CWC/JJB അംഗങ്ങൾ അവരവരുടെ അധികാര പരിധിയിൽ നിന്ന് പ്രവർത്തിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. യുവജനനോത്സവ പങ്കാളിത്തം പോലെയുള്ള നിക്ഷിപ്ത താത്പര്യങ്ങൾക്കായല്ല കരുതലും പരിരക്ഷയും തിരുത്തലും ആവശ്യമായ കുട്ടികൾക്ക് വേണ്ടി നിയമവിധേയമായി പ്രവർത്തിക്കാൻ കഴിയണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. ഷാജി പി. ചാലി പറഞ്ഞു. JJB/CWC സംസ്ഥാന സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ ജസ്റ്റിസ്. വി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ I.A.S. സ്വാഗതവും, വകുപ്പ് ഡയറക്ടർ ഷീബ ജോർജ്ജ് I.A.S. കൃതജ്ഞതയും രേഖപ്പെടുത്തി. സംസ്ഥാന ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി കെ. സത്യൻ, തിരുവനന്തപുരം ജില്ല ലീഗൽ സർവ്വീസ് അതോറിറ്റി ചെയർമാൻ കെ. ബാബു എന്നിവർ പ്രഭാഷണങ്ങൾ നടത്തി. സെലക്ഷൻ കമ്മിറ്റി അംഗങ്ങളായ ഡോ. എ. സുഹൃത്കുമാർ സി.ജെ. ആന്റണി എന്നിവർ സന്നിഹിതരായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട CWC/JJB അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങോടെ ശിൽപ്പശാല സമാപിക്കും.
https://www.facebook.com/Malayalivartha
























