ശുചിമുറി സൗകര്യം ആവശ്യപ്പെട്ടിട്ടും വനിതാ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം ; കോടതി പ്രതികൂട്ടിൽ മൂത്രമൊഴിച്ച് രതി

ചൊവ്വാഴ്ച ശൗചാലയത്തില്‍ പോകാന്‍ അധ്യാപകന്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്ന് പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തേണ്ടി വന്ന വിദ്യാര്‍ത്ഥിയുടെ നിസ്സഹായവസ്ഥയ്ക്ക് സമാനമായി ഒരു മനുഷ്യാവകാശ ലംഘനം കൂടി.
മുനമ്പം മനുഷ്യക്കടത്ത് കേസില്‍ പ്രതിയായ രതിയെ കോടതിയില്‍ ഹാജരാക്കിയതില്‍ ഗുരുതര മനുഷ്യാവകാശ വീഴ്ച സംഭവിച്ചതായിയുള്ള ആരോപണം ശക്തമാവുകയാണ് . രതി ആവശ്യപ്പെട്ടിട്ടും ശുചിമുറി സൗകര്യം ഒരുക്കാന്‍ ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നാണ് ആക്ഷേപമുയരുന്നത്.
കേസിലെ പതിനഞ്ചാം പ്രതിയായ രതിക്കാണ് പറവൂര്‍ കോടതിയിലെ പ്രതിക്കൂട്ടില്‍ നിന്ന് വനിതാ പൊലീസുകാരുടെ സാന്നിദ്ധ്യത്തില്‍ മൂത്രം ഒഴിക്കേണ്ടി വന്നത്. എന്നാൽ , ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതികരണം.
പ്രതിക്കൂട്ടിലെ നിലത്ത് വെള്ളം കിടക്കുന്നുണ്ടോയെന്ന് കോടതിമുറിയിലുള്ളവര്‍ ആദ്യം സംശയിച്ചു. പക്ഷേ പിന്നീടാണ് രതി മൂത്രമൊഴിച്ചതാണെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് തൊട്ടടുത്തുണ്ടായിരുന്ന മൂന്ന് വനിതാ പൊലീസുകാര്‍ രതി മൂത്രമൊഴിച്ച വിവരം ശ്രദ്ധിച്ച മട്ടുണ്ടായില്ലെന്ന് കോടതി മുറിയിലുണ്ടായിരുന്നവര്‍ പറയുന്നു. ജഡ്ജി ഉള്‍പ്പടെ മുറിയിലെ അധികമാരും സംഭവം അറിഞ്ഞതുമില്ല.
ക്യു ബ്രാഞ്ചിന്‍റെ സഹായത്തോടെയാണ് മുനമ്പം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രതി ഉള്‍പ്പടെ ഏഴ് പേരെ അറസ്റ്റ് ചെയ്തത്. പതിനൊന്നാം പ്രതിയായ ഇളയരാജയുടെ ഭാര്യയാണ് രതി. ശ്രീലങ്കയില്‍ നിന്നെത്തിയ തമിഴ് വംശജരായ ഏഴ് പ്രതികളെയും കോടതി റിമാന്‍റ് ചെയ്തു. പ്രതികളുടെ അവകാശം സംരക്ഷിച്ചാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് കോടതിയെ അറിയിച്ചു. ഏഴ് പ്രതികളെയും ജയിലിലേക്ക് മാറ്റി.
ഇളയ കുട്ടിയെ രതിക്കൊപ്പം ജയിലിലേക്ക് അയക്കാന്‍ കോടതി അനുവദിച്ചു.എന്നാല്‍ അമ്മയുടെ ഒപ്പം പോകാനാകാത്ത മൂത്ത കുട്ടി പൊലീസ് ജീപ്പിലേക്ക് കയറുന്ന രതിയെ കണ്ട് കരഞ്ഞ കാഴ്ച മനസാക്ഷിയെ ഉലയ്ക്കുന്നതായിമാറി . മാലമോഷണം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് രതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ പ്രതികരണം.
https://www.facebook.com/Malayalivartha
























