പാറ്റേണ്‍ തെറ്റിച്ച് ചോദ്യങ്ങള്‍ വന്ന പ്ലസ് ടു കെമിസ്ട്രി പേപ്പറിന്റെ മൂല്യനിര്‍ണയം ഉദാരമാക്കാന്‍ തീരുമാനം

ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ വിദ്യാര്‍ഥികളെ വലച്ച പ്ലസ് ടു കെമിസ്ട്രി ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണയം ഉദാരമാക്കാന്‍ തീരുമാനിച്ചു. കെമിസ്ട്രി പരീക്ഷാചോദ്യപേപ്പര്‍ സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനുള്‍പ്പെടെ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം കേള്‍ക്കേണ്ടിവന്നിരുന്നു.
തുടര്‍ന്ന് ചോദ്യപേപ്പറിലെ പ്രശ്‌നം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പിന്നീടാണ് കഴിഞ്ഞദിവസം ചേര്‍ന്ന സ്‌കീം ഫൈനലൈസേഷനില്‍, മൂല്യനിര്‍ണയത്തില്‍ ഉദാര നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചത്.
ചോദ്യപേപ്പര്‍ തയാറാക്കിയ രീതി സംബന്ധിച്ചും വിമര്‍ശനം ഉയര്‍ന്നു. മാതൃകാ പരീക്ഷയുടേതുള്‍പ്പെടെ പാറ്റേണ്‍ തെറ്റിച്ചായിരുന്നു ചോദ്യങ്ങള്‍ വന്നത്. ആദ്യ ആറ് ദിവസങ്ങളില്‍ പൂര്‍ത്തിയായ വിഷയങ്ങളുടെ സ്‌കീം ഫൈനലൈസേഷന്‍ പൂര്‍ത്തിയായി. അവശേഷിക്കുന്ന വിഷയങ്ങളുടേത് 29-ന് നടക്കും.
മാര്‍ച്ച് ആറിന് തുടങ്ങിയ ഹയര്‍സെക്കന്‍ഡറി പരീക്ഷ ബുധനാഴ്ച അവസാനിക്കും. ഏപ്രില്‍ ഒന്നുമുതല്‍ 12-വരെയാണ് മൂല്യനിര്‍ണയത്തിന്റെ ആദ്യഘട്ടം. വിഷു അവധിക്കുശേഷം 16, 17 തീയതികളില്‍കൂടി മൂല്യനിര്‍ണയം നടക്കും. ഈ ഘട്ടത്തില്‍ രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറിയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
രണ്ട് ദിവസം മൂല്യനിര്‍ണയം ബഹിഷ്‌കരിക്കുമെന്ന് നാല് അധ്യാപകസംഘടനകള്‍ പ്രഖ്യാപിച്ചതോടെ ഈ സമയത്ത് പൂര്‍ത്തിയാക്കാനാകുമോ എന്നതില്‍ ആശങ്കയുണ്ട്. 17-ന് അടയ്ക്കുന്ന മൂല്യനിര്‍ണയ ക്യാമ്പുകള്‍ തെരഞ്ഞെടുപ്പിനുശേഷമേ പുനരാരംഭിക്കൂ. സംസ്ഥാനത്തെ 110 കേന്ദ്രങ്ങളിലാണ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടക്കുക. എസ്.എസ്.എല്‍.സി പരീക്ഷ ഏപ്രില്‍ 28-ന് അവസാനിക്കും.
https://www.facebook.com/Malayalivartha























