അനിശ്ചതത്വങ്ങള്‍ക്ക് വിരാമമിട്ട് വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചു; വയനാട്ടിൽ മത്സരിക്കുന്നത് ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെ: രാഹുല്‍ മത്സരിക്കുന്ന വിവരം പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ കെ ആന്റണി- രാഹുൽ ഗാന്ധിയുടെ വരവിൽ പ്രവര്‍ത്തകര്‍ അത്യാഹ്ലാദത്തില്‍

വയനാട്ടിൽ ആര് മത്സരിക്കുമെന്ന ചോദ്യങ്ങൾക്ക് വിരാമമിട്ട് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക. കോണ്‍ഗ്രസ് വക്താവായ രന്ദീപ് സിങ് സുര്‍ജെവാലയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എ.കെ.ആന്റണി തുടങ്ങിയ നേതാക്കള്‍ ഡല്‍ഹിയില്‍ വാര്‍ത്തസമ്മേളനം നടത്തിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് മുന്നോടിയായി എ.കെ.ആന്റണിയും കെ.സി.വേണുഗോപാലും ചര്‍ച്ച നടത്തിയിരുന്നു.
വയനാട്ടില്‍ നേരത്തെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന ടി.സിദ്ദീഖിനെ മാറ്റിയാണ് രാഹുല്‍ എത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന വിവരം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. തുടര്‍ന്ന് ടി.സിദ്ദീഖ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ രാഹുല്‍ ഗാന്ധിയോ കേന്ദ്ര നേതൃത്വമോ തയ്യാറാകാതിരുന്നത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ പാടെ ബാധിച്ചിരുന്നു. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിശ്ചലാവസ്ഥയിലുമായി. സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാത്തതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha






















