ഏഴു വയസ്സുകാരനെയും ഇളയ സഹോദരനെയും അരുണ്‍ ആനന്ദ് ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കിയിരുന്നതായി അമ്മൂമ്മയുടെ മൊഴി പുറത്ത്

ആശുപത്രിയില്‍ കഴിയുന്ന ഏഴു വയസ്സുകാരനെയും ഇളയ സഹോദരനെയും അരുണ്‍ ആനന്ദ് ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കിയിരുന്നതായി അമ്മൂമ്മയുടെ മൊഴി. അരുണും മകളുമായുള്ള ഈ ബന്ധത്തെ താന്‍ എതിര്‍ത്തിരുന്നു. എന്നിട്ടും അവള്‍ പോയി. ചെറിയ കാര്യങ്ങള്‍ക്കുപോലും അരുണ്‍ കുട്ടികള്‍ക്ക് കടുത്ത ശിക്ഷ നല്‍കിയിരുന്നുവെന്നാണ് അറിഞ്ഞിരുന്നത്. മകളെ രക്ഷിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു. മകളുടെ ഭര്‍തൃപിതാവിന്റെ സഹോദരീപുത്രനാണ് അരുണ്‍. മകളുടെ ഭര്‍ത്താവ് മരിച്ച ശേഷം സ്വദേശമായ തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടുപോയിരുന്നു. അന്ന് അവിടെ അരുണിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കുറച്ചു ദിവസത്തിനുശേഷമാണ് മകളോടൊപ്പം തൊടുപുഴ ഉടുമ്പന്നൂരിലെ സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയത്.
കുറച്ചുനാളുകള്‍ കഴിഞ്ഞ് തന്നെ ധിക്കരിച്ച് മകള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കരിമണ്ണൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പിന്നീടാണ് സ്വന്തം ഇഷ്ടപ്രകാരം അരുണിനൊപ്പം വിവാഹിതരാകാതെ ജീവിച്ചു പോരുകയായിരുന്നുവെന്ന് അറിഞ്ഞത്. ഇതിനു ശേഷം താനുമായി ഒരു ബന്ധവും മകള്‍ പുലര്‍ത്തിയിരുന്നില്ല. കുട്ടികളെ അരുണ്‍ ഇടക്കിടെ മര്‍ദിക്കുന്നുണ്ടായിരുന്നുവെന്നാണ് താന്‍ അറിഞ്ഞത്. അനുസരണ പഠിപ്പിക്കാനാണെന്നാണ് അരുണ്‍ കുട്ടിയുടെ അമ്മയെ അടക്കം വിശ്വസിപ്പിച്ചിരുന്നത്. മകളെയും കുട്ടികളെയും അരുണ്‍ അപകടപ്പെടുത്തുമെന്ന ഭീതി ഉണ്ടായിരുന്നതായും ഇവര്‍ പറഞ്ഞു. ഇളയകുട്ടി ഇപ്പോള്‍ അമ്മൂമ്മയുടെ സംരക്ഷണയിലാണ്. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കുണ്ടെന്ന് അമ്മൂമ്മയും ആശുപത്രി അധികൃതരും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അരുണിനെതിരെ പോക്‌സോ ചുമത്തിയത്.
"
https://www.facebook.com/Malayalivartha





















