വ്യാജരേഖ ചമച്ച് സുഹൃത്തിനെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കൊല്ലം സ്വദേശി അറസ്റ്റില്‍

വ്യാജരേഖ ചമച്ച് സുഹൃത്തിന്റെ പക്കല്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍. കൊല്ലം, ഓച്ചിറ സ്വദേശി റിജു ഇബ്രാഹിമിനെ കോതമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കോതമംഗലം കോടതിയില്‍ ഹാജരാക്കും.
കൊല്ലം സ്വദേശി റിജു ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്, കോതമംഗലം സ്വദേശി ബിനീഷിന്റെ പരാതിയിലാണ്. ബിനീഷിന്റെ തിരിച്ചറിയല്‍ കാര്‍ഡും ചെക്കും ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കി HDFC ബാങ്കിന്റെ ആലപ്പുഴ ശാഖയില്‍ നിന്ന് 32 ലക്ഷം രൂപയുടെ കാര്‍ വായ്പയെടുത്തെന്നാണ് പരാതി.
വായ്പയുടെ മാസത്തവണ മുടങ്ങിയെന്ന് കാട്ടി ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് ബിനീഷ് തട്ടിപ്പിനെക്കുറിച്ച് അറിയുന്നത്. കഴിഞ്ഞ നവംബറില്‍ ബിനീഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് കോതമംഗലം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. എന്നാല്‍ അതിനിടെ പ്രതി ഗള്‍ഫിലേക്ക് കടന്നിരുന്നു. പ്രതിയെ പിടികൂടാന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് വരെ പുറത്തിറക്കി. കഴിഞ്ഞ ദിവസം പ്രതി ഗള്‍ഫില്‍ നിന്ന് മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്.
ഇന്നലെ രാത്രിയോടെ പ്രതിയെ കോതമംഗലത്ത് എത്തിച്ചു. എറണാകുളം സെന്‍ട്രല്‍ , പാലാരിവട്ടം, തൊടുപുഴ, ഓച്ചിറ, കരുനാഗപ്പിള്ളി, ഏറ്റുമാനൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസുകള്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha





















