പാറശാലയിൽ വനിതാ വിദ്യാര്‍ത്ഥിനിക്ക് ഡ്രൈവിംഗ് പരിശീലനം നൽകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പത്തടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു

ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണംവിട്ട കാര്‍ പത്തടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. കാറിനുള്ളില്‍ ഉണ്ടായിരുന്ന ഡ്രൈവിംഗ് അദ്ധ്യാപകനും വനിതാ വിദ്യാര്‍ത്ഥിയും സഹയാത്രികയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പഴയ അംബാസഡര്‍ കാറില്‍ ചെങ്കവിള - അയിര റോഡില്‍ ഡ്രൈവിംഗ് പരിശീലനം നടത്തുന്നതിനിടെ ഇന്നലെ വൈകിട്ട് നാലിന് ആണ് അപകടം.
പരിശീലനത്തിന് ശേഷം അയിര കുളത്തിന് സമീപത്തെത്തി തിരികെ പോകുന്നതിനായി ആലന്തറ ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡിലെത്തി കാര്‍ പിറകോട്ട് തിരിക്കവെ ബ്രേക്കിലെ പിടിവിട്ടതാണ് അപകട കാരണം. വ്ലാത്താങ്കരയിലെ സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വനിതകളും സമീപവാസികള്‍ തന്നെയാണ്. അപകടത്തില്‍ കാറിന് സാരമായ കേടുപാടുണ്ട്.
വെള്ളത്തില്‍ വീണവരെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവര്‍ പാറശാല താലൂക്ക് ആശുപത്രിയിലെത്തി പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങി.
https://www.facebook.com/Malayalivartha





















