ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അന്തിമ പോരാട്ടചിത്രം തെളിയുന്നതോടെ പ്രചാരണം ശക്തമാക്കാന്‍ മുന്നണികളും സ്ഥാനാര്‍ഥികളും... നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകീട്ട് മൂന്നിന് അവസാനിക്കും

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അന്തിമ പോരാട്ടചിത്രം തെളിയുന്നതോടെ പ്രചാരണം ശക്തമാക്കാന്‍ മുന്നണികളും സ്ഥാനാര്‍ഥികളും. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അവസാനിക്കും. മത്സരരംഗത്ത് ശേഷിക്കുന്നവര്‍ക്ക് വൈകീട്ടുതന്നെ ചിഹ്‌നവും അനുവദിക്കും. ദേശീയപാര്‍ട്ടികളുടേത് നേരത്തേതന്നെ അംഗീകരിച്ചതിനാല്‍ അവര്‍ ചിഹ്‌നമുപയോഗിച്ചാണ് ഇപ്പോള്‍തന്നെ പ്രചാരണം നടത്തുന്നത്. സര്‍വ അടവും തന്ത്രങ്ങളും ഉപയോഗിച്ച് വോട്ട് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.
പ്രചാരണം ശക്തിപ്പെടുത്തി സ്ഥാനാര്‍ഥികള്‍ മണ്ഡലപര്യടനങ്ങള്‍ നടത്തി പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുകയാണ്. നാടാകെ പ്രചാരണസാമഗ്രികള്‍കൊണ്ട് നിറഞ്ഞു. വീടുകളില്‍ രണ്ട് തവണ കയറി അഭ്യര്‍ഥന നല്‍കുകയും വോട്ട് ചോദിക്കലും നടന്നുകഴിഞ്ഞു.
വീടുകയറിയുള്ള പ്രചാരണം ഇനിയും ശക്തമാക്കും. അടുത്തത് താരപ്രചാരകരുടെ ഊഴമാണ്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയവര്‍ ഇടതുമുന്നണിക്കായി ഇതിനകം പ്രചാരണ പര്യടനം ആരംഭിച്ചുകഴിഞ്ഞു. പ്രകാശ് കാരാട്ട്, സുധാകര്‍ റെഡ്ഡി അടക്കമുള്ളവര്‍ ഉടന്‍ എത്തും. പത്രികസമര്‍പ്പണംതന്നെ ജനപങ്കാളിത്തംകൊണ്ട് സംഭവമാക്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 16, 17 തീയതികളില്‍ സംസ്ഥാനത്തുണ്ടാകുമെന്നാണ് സൂചന.മറ്റ് കേന്ദ്രനേതാക്കള്‍ വരുംദിവസങ്ങളില്‍ എത്തും. എന്‍.ഡി.എക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവരും പ്രചാരണത്തിനായി എത്തുന്നുണ്ട്. ദേശീയനേതാക്കളടക്കം രണ്ടാഴ്ച ഉഴുതുമറിക്കുന്ന സംസ്ഥാനം ഏപ്രില്‍ 23നാണ് വിധിയെഴുതുക. 21ന് പ്രചാരണം അവസാനിക്കും. 21ന് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും. അന്നുതന്നെ ബൂത്തുകള്‍ സജ്ജമാകും.
https://www.facebook.com/Malayalivartha





















