വെറും 11 വയസ് മാത്രം പ്രായമുള്ള നാടോടി ബാലികയെ മർദ്ദിച്ചത് രണ്ട് ഇരുമ്പ് കഷ്‌ണങ്ങൾ അധികം പെറുക്കിയതിന്; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

എടപ്പാളിൽ വെറും 11 വയസ് മാത്രം പ്രായമുള്ള നാടോടി ബാലികയെ അതിക്രൂരമായി ആക്രമിച്ചത് വെറും രണ്ട് ഇരുമ്പ് കഷ്‌ണങ്ങൾ അധികം പെറുക്കിയതിന് . സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം സമർപ്പിക്കാൻ നിർദ്ദേശം നൽകി. പത്ര വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കഴിഞ്ഞ അഞ്ച് വർഷമായി എടപ്പാളിൽ താമസിച്ചുവരുന്ന ആന്ധ്രയിൽ നിന്നുള്ള കുടുംബമാണ് പെൺകുട്ടിയുടേത് . എടപ്പാളിൽ വിവിധ മേഖലയിൽ ആക്രി സാധനം പെറുക്കി വിറ്റാണ് ഇവർ ഉപജീവനം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം എടപ്പാളിലെ കെട്ടിടത്തിന് സമീപത്താണ് പെൺകുട്ടി ആക്രി പെറുക്കാനെത്തിയത്. ഇവിടെ നിന്നും രണ്ട് ഇരുമ്പ് കഷ്‌ണങ്ങൾ പെറുക്കിയതിനാണ് മർദ്ദനം ഏൽക്കേണ്ടി വന്നത്.
ഈ പെൺകുട്ടിയെ മുൻപ് പലവട്ടം സ്കൂളിൽ ചേർക്കാൻ പ്രദേശവാസികൾ ശ്രമിച്ചിരുന്നു. എന്നാൽ ഇത് നടക്കാതെ പോയി. ഇതേ തുടർന്ന് കുടുംബത്തോടൊപ്പം ആക്രി പെറുക്കുന്ന ജോലി പെൺകുട്ടിയും ഏറ്റെടുക്കുകയായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ കുട്ടികൾക്ക് നേരെ വർദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ജില്ലാ കളക്ടർക്ക് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha























