മീനച്ചൂടിനെ തണുപ്പിക്കുന്നു, മൂന്നര ഏക്കറില്‍ സ്ഥിതി ചെയ്യുന്ന മാന്നാര്‍ തൃക്കുരട്ടി തന്മടി കുളം

മീന മാസത്തിലെ സൂര്യന്‍ ഉച്ചസ്ഥായില്‍ എത്തിയതിനെ തുടര്‍ന്ന് നാടും നഗരവും വെന്തുരുകുമ്പോള്‍ ആശ്വാസത്തിന്‍ കുളിര്‍മയുമായി തൃക്കുരട്ടി തന്മടി കുളം. ഭൂരിപക്ഷം കിണറുകളിലും ജല നിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് കുളിക്കുവാനും നനയ്ക്കുവാനുമായി എല്ലാവരും ആശ്രയിക്കുന്നത് ഇപ്പോള്‍ നദികളെയാണ്.
പ്രളയത്തിനു ശേഷം അഴുക്കുകളും മറ്റും നീങ്ങിയ പമ്പാ നദിയും അച്ചന്‍കോവിലാറും നവീകരിച്ച കുട്ടംപേരൂര്‍ ആറുമെല്ലാം ജനങ്ങള്‍ക്ക് കുളിര്‍മയേകുന്ന ജലസ്രോതസുകളായി ഇപ്പോള്‍ മാറിയിരിക്കുകയാണ്. അതിനോടൊപ്പം പുനര്‍നിര്‍മിച്ച കുളങ്ങളും വേനല്‍ചൂടിന് ഏറെ ആശ്വാസദായകങ്ങളായി മാറിയിരിക്കുകയാണ്.
കുളങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മാന്നാര്‍ തൃക്കുരട്ടി തന്മടികുളം. കാട് പിടിച്ച,് നാട്ടുകാര്‍ മാലിന്യങ്ങള്‍ തള്ളുന്ന കേന്ദ്രമായിരുന്നു ഒരു കാലത്ത് ഈ കുളം. മൂന്നര ഏക്കറില്‍ സ്ഥിതി ചെയ്തിരുന്ന ഈ കുളം നവീകരിക്കണമെന്ന് ഏറെ നാളത്തെ ആവശ്യത്തെ തുടര്‍ന്ന് 2014-ല്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് കുളം നവീകരിച്ചത്.
അന്നത്തെ ചെങ്ങന്നൂര്‍ എംഎല്‍എ പി.സി.വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ 40 ലക്ഷം രൂപാ ചിലവിലാണ് കുളം നവീകരിച്ചത്. കുളത്തിന്റെ പുനര്‍ നിര്‍മാണത്തിലൂടെ ഒരു പ്രദേശത്തെ വലിയോരു ജല സ്രോതസാണ് വീണ്ടെടുക്കുവാന്‍ കഴിഞ്ഞത്. ഇപ്പോഴത്തെ കൊടും വേനലില്‍ എല്ലാ ജല സ്രോതസുകളും വറ്റി വരണ്ടപ്പോഴും തന്മടി കുളത്തിലെ വെള്ളം വറ്റിയില്ല.
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുളിക്കുവാനും ഈ മീനചൂടില്‍ നിന്ന് ആശ്വാസം ലഭിക്കുവാനും ഈ കുളം ഇന്ന് ഉപകാരപ്പെട്ടിരിക്കുകയാണ്. കൂടാതെ എല്ലായിടങ്ങളിലും കിണര്‍ ജലം വറ്റിയെങ്കിലും ഈ കുളത്തിന്‍െ സമീപത്തുള്ള വീടുകളുലെ കിണറുകളില്‍ വെള്ളം വറ്റിയില്ല.
തന്മടികുളത്തിലെ ജലസ്രോതസാണ് കിണറുകളിലെ ജലം വറ്റാതെ കാക്കുന്നത്. അതിനാല്‍ നാട്ടുകാര്‍ക്ക് മീനചൂടില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഒരു പരിധി വരെ തന്മടികുളം സഹായകമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha























