ബിജെപി സ്ഥാനാർത്ഥിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ ; സ്ഥാനാർത്ഥിയുടെ അഭാവം മുതലെടുത്ത് വോട്ട് കച്ചവടമാണ് ബി ജെ പി ലക്ഷ്യമെന്ന ആരോപണം ശക്തം

ചിത്തിര ആട്ടവിശേഷ നാളിൽ ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ ജയിലിൽ കഴിയുന്ന കോഴിക്കോട്ടെ ബിജെപി സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബു നൽകിയ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ . തെരെഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോൾ സ്ഥാനാർത്ഥി ജയിലിലായത് ബി ജെ പിയ്ക്ക് വലിയ അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രചാരണം നടക്കുന്നത്.
സ്ഥാനാർത്ഥിയുടെ അഭാവത്തിൽ വോട്ടഭ്യർത്ഥിച്ച് ബി ജെ പി നേതാക്കളാണ് ഇപ്പോൾ വീടുകൾ കയറുന്നത്. തീപാറും പോരാട്ടം നടക്കുന്ന കോഴിക്കോട് സ്ഥാനാർത്ഥിയില്ലാതെ പ്രചാരണം നടത്തേണ്ടി വരുന്നത് ബിജെപിയ്ക്ക് തിരിച്ചടിയാവുകയാണ്.
തെരഞ്ഞെടുപ്പിന് മുൻപെങ്കിലും സ്ഥാനാർത്ഥിയെ വോട്ടർമാർക്കിടയിൽ എത്തിക്കണമെങ്കിൽ ഇനി ഹൈക്കോടതി കനിയണം. കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിൽ ബി ജെ പിയ്ക്ക് ഒരു ലക്ഷത്തിൽ പതിനയ്യായിരം വോട്ടുകളാണ് കോഴിക്കോട് ലഭിച്ചത്. ഇത്തവണ മണ്ഡലത്തിൽ കാര്യമായ പ്രചാരണമൊന്നും ഇല്ല. സ്ഥാനാർത്ഥിയുടെ അഭാവം മുതലെടുത്ത് വോട്ട് കച്ചവടമാണ് ബി ജെ പി ലക്ഷ്യമെന്ന ആരോപണം സി പി എം ഉയർത്തുന്നുണ്ട്. ആരോപണങ്ങളെല്ലാം ബി ജെ പി നേതൃത്വം തള്ളുകയാണ്. ഏതായാലും ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകരും നേതൃത്വവും.
https://www.facebook.com/Malayalivartha























