നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഹർജി സുപ്രീംകോടതിയിൽ ; കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യം

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യവുമായി നടനും കേസിലെ പതിനൊന്നാം പ്രതിയുമായ ദിലീപ് നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ആക്രമണദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ദിലീപിന്‍റെ ആവശ്യവും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
സുപ്രീംകോടതി കേസിൽ തീരുമാനം ഉണ്ടാകുന്നതുവരെ കുറ്റം ചുമത്തില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സംസ്ഥാന സര്‍ക്കാര്‍ വാക്കാൽ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിചാരണ കോടതിയിൽ കുറ്റം ചുമത്തുന്ന നടപടികൾ തുടരുന്ന സാഹചര്യത്തിലാണ് ദിലീപ് വീണ്ടും സുപ്രീംകോടതിയിലെത്തിയത്.
കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നാണ് ദിലീപിന്‍റെ വാദം. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്‍റെ ഹർജിയിൽ പറയുന്നു. ദിലീപിന്‍റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിന്‍റെ ആവശ്യമെന്ന് കാണിച്ചാണ് ഹർജി തള്ളിയത്.
https://www.facebook.com/Malayalivartha























