ആ കരാര്‍ തൊഴിലാളിയ്ക്ക് 'ജീവിക്കാനായോ' ? പതിനഞ്ചു വര്‍ഷത്തെ ജീവിതത്തിനു ശേഷം വേദനകളില്ലാത്ത ലോകത്ത് എത്തി ഷാജി!

വൈദ്യുതപോസ്റ്റില്‍ നിന്നുവീണ് ഗുരുതരമായി പരുക്കേറ്റ് പതിനഞ്ചു വര്‍ഷം ജീവിതത്തോടു പൊരുതിയ കെ.എസ്.ഇ.ബിയിലെ കരാര്‍ തൊളിലാളി യാത്രയായി. കൊല്ലം കരുനാഗപ്പള്ളി ആദിനാട് സൗത്ത് കുട്ടിങ്ങല്‍ തെക്കേത്തറയില്‍ ഷാജി(39)യാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ചത്.
2004 മാര്‍ച്ച് 31-നാണ് കെ.എസ്.ഇ.ബിയില്‍ കരാര്‍ ജോലിക്കിടെ ഷാജി വൈദ്യുതപോസ്റ്റില്‍ നിന്നു ഷോക്കേറ്റു വീണു നട്ടെല്ലു തകര്‍ന്നു കിടപ്പിലായത്. അന്ന് കേവലം 24 വയസായിരുന്നു പ്രായം.
കരുനാഗപ്പള്ളി പുതിയകാവ് മാര്‍ക്കറ്റില്‍ ഒരു വ്യാപാരിയുടെ കെട്ടിടത്തില്‍ നിന്നു സര്‍വീസ് വയര്‍ വേര്‍പെടുത്താന്‍ എത്തിയതായിരുന്നു ഷാജിയും ബോര്‍ഡിലെ സ്ഥിരം ജീവനക്കാരനായ നസീമുദ്ദീനും. ജോലിക്കിടയില്‍ ഷോക്കേറ്റ ഷാജി താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ താഴെ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയുടെ കമ്പിയില്‍ കഴുത്തിടിച്ചു ഗുരുതരമായി പരുക്കേറ്റു. വീഴ്ചയില്‍ നട്ടെല്ല് തകരുകയും ചെയ്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് 19 ദിവസം കഴിഞ്ഞാണ് ബോധം ലഭിച്ചത്. ആ കിടപ്പില്‍ നിന്ന് പിന്നെ ഷാജി എഴുന്നേറ്റില്ല. ശസ്ത്രക്രിയകള്‍ പലതു കഴിഞ്ഞിട്ടും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനായില്ല. കരാര്‍ തൊഴിലാളിയായതിനാല്‍ കെ.എസ്.ഇ.ബിയില്‍ നിന്നു സഹായവും ലഭിച്ചില്ല.
കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് നാലു ലക്ഷം രൂപ നഷ്ടപരിഹാരമായി കിട്ടിയെങ്കിലും ചികില്‍സയ്ക്കു വേണ്ടി വാങ്ങിയ കടം വീട്ടാന്‍ പോലും അതു തികയുമായിരുന്നില്ല. ആദിനാട്ടെ 18 സെന്റ് സ്ഥലവും വീടും ചികില്‍സയ്ക്ക് വേണ്ടി വിറ്റു.
സ്വന്തമായി വീടില്ലാത്തതിനാല്‍ ആലുതറ മുക്കിലെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. പിതാവ്: രാജന്‍. മാതാവ്: ജഗദമ്മ. സഹോദരി: രാജി.
https://www.facebook.com/Malayalivartha























