ആവേശം അതിരുവിടുമോ? രാഹുല്‍ ഗാന്ധിക്ക് ഭൂരിപക്ഷം കൂട്ടിയാല്‍ ഒരു പവന്‍ സ്വര്‍ണ്ണം സമ്മാനം വയനാട്ടുകാര്‍ക്ക് വാഗ്ദാനം ചെയ്ത് ചെന്നിത്തല; കൈക്കൂലി നല്‍കി വോട്ടുപിടിച്ചെന്ന പേരുദോഷം വരുമോന്ന് കണ്ടറിയാം

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മികച്ച വിജയം സമ്മാനിക്കേണ്ട ബാധ്യത സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനാണ്. അതിനാല്‍ തന്നെ പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാനാണ് നേതാക്കളുടെ ശ്രമം. ഇതിന്റെ ഭാഗമായി വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാന്‍ സ്വര്‍ണം സമ്മാനം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.
രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിന് ഒരു പവന്‍ സ്വര്‍ണ്ണമാണ് രമേശ് ചെന്നിത്തലയുടെ വാഗ്ദാനം. രാഹുല്‍ ഗാന്ധിക്ക് മൂന്ന് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നാല് മണ്ഡലങ്ങളില്‍നിന്ന് ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് കണക്കുകൂട്ടുന്നത്.
ലീഗിന്റെ പി കെ ബഷീര്‍ എംഎല്‍എയായ ഏറനാട് മണ്ഡലത്തില്‍ എത്തിയപ്പോഴാണ് രമേശ് ചെന്നിത്തല ഒരു പവന്റെ വാഗ്ദാനം നല്‍കിയത്. ഏറ്റവുമധികം ഭൂരിപക്ഷം നേടുന്ന മണ്ഡലത്തിലെ ഭാരവാഹികള്‍ക്ക് സമ്മാനം നല്‍കുമെന്ന് മുമ്ബ് പ്രഖ്യാപിച്ചിട്ടുള്ളതായിരുന്നു. ഇതിന് പുറമെയാണ് രമേശ് ചെന്നിത്തലയുടെ ഒരു പവന്‍ പ്രഖ്യാപനം. കൂടുതല്‍ ഭൂരിപക്ഷം നേടുന്ന കമ്മിറ്റിക്ക് സമ്മാനം നല്‍കുമെന്ന് പി കെ ബഷീര്‍ എംഎല്‍എയും ആര്യാടന്‍ മുഹമ്മദും പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
അതിനിടെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് സ്ഥാനാര്‍ത്ഥിയുമായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഇന്നും നാളെയും വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും. ഇന്ന് രാവിലെ പത്ത് മണിയോട് ഹെലികോപ്റ്ററില്‍ കൊല്ലത്ത് നിന്നും പത്താനാപുരത്ത് എത്തി യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുന്ന അദ്ദേഹം 11.30ന് പത്തനംതിട്ടയിലെ യോഗത്തിലും പങ്കെടുക്കും.
പിന്നീട് അന്തരിച്ച കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണിയുടെ പാലായിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിക്കും. വൈകുന്നേരം നാല് മണിക്ക് ആലപ്പുഴയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വൈകീട്ട് ആറിന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കും.
പിന്നീട് വിമാനമാര്‍ഗം രാഹുല്‍ കണ്ണൂരിലേക്ക് തിരിക്കും. രാത്രിയില്‍ കണ്ണൂരില്‍ തങ്ങിയ ശേഷം നാളെ വയനാട്ടിലെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. വയനാട് മണ്ഡലത്തിലുള്‍പ്പെടുന്ന വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പു യോഗങ്ങളില്‍ പ്രസംഗിക്കും. പിതാവ് രാജീവ്ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലി പാപനാശിനിയില്‍ ദര്‍ശനം നടത്തിയേക്കും. എസ്പിജിയുടെയും പൊലീസിന്റെയും സുരക്ഷാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
https://www.facebook.com/Malayalivartha

























