ലേബര്‍ കമ്മിഷണറുടെ ഉത്തരവ്: എല്ലാ തൊഴിലാളികള്‍ക്കും വോട്ട് ചെയ്യുന്നതിന് ശമ്പളത്തോടെ അവധി ലഭിക്കും

വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും വോട്ടു ചെയ്യുന്നതിന് ശമ്പളത്തോടെ അവധി ലഭിക്കും. കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴില്‍ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിനമായ 23-ന് ശമ്പളത്തോടെ അവധി പ്രഖ്യാപിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കി.
സ്വകാര്യമേഖലയില്‍ പണിയെടുക്കുന്ന ദിവസ വേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. സമ്മതിദാനം വിനിയോഗിക്കുന്നതിനുവേണ്ടി അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അന്നേ ദിവസത്തെ ശമ്പളം അല്ലെങ്കില്‍ വേതനം തൊഴിലുടമകള്‍ നിഷേധിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിംഗ് മിഷീനുകളില്‍ ബാലറ്റുകള്‍ സജ്ജീകരിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ജില്ലയിലെ 1564 ബൂത്തുകളിലേക്കുളള മിഷീനുകളിലും സ്ഥാനാര്‍ത്ഥികളുടെ പേരും, ചിഹ്നവുമടങ്ങിയ ബാലറ്റുകളുടെ സെറ്റിംഗ് 14-നാണ് ആരംഭിച്ചത്.
പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളിലെ യഥാക്രമം 176, 179, 159, 165, 171, 182, 172, 181, 179 പോളിംഗ് സ്റ്റേഷനുകളിലേക്കുളള വോട്ടിംഗ് യന്ത്രങ്ങളില്‍ ബാലറ്റ് സെറ്റ് ചെയ്തു. വിവിപാറ്റില്‍ പ്രിന്റ് ചെയ്യാനുപയോഗിക്കുന്ന സ്ലിപ്പും അതത് പോളിംഗ് സ്റ്റേഷനുകളിലേക്കുളള വിവിപാറ്റ് മിഷീനുകളില്‍ സെറ്റ് ചെയ്തു. 22 വരെ സുരക്ഷിത കേന്ദ്രങ്ങളില്‍ സൂക്ഷിക്കും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലായിരുന്നു ബാലറ്റ് സെറ്റിംഗ്.
https://www.facebook.com/Malayalivartha
























