യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരായ അധിക്ഷേപ പരാമർശ പരാതി; വിജയരാഘവൻ നേരത്തെ തന്നെ മാപ്പ് പറഞ്ഞതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരായ പരാമർശത്തിന്‍റെ പേരിൽ എ.വിജയരാഘവൻ നേരത്തെ തന്നെ മാപ്പ് പറഞ്ഞതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പരാമര്‍ശം തെറ്റാണെന്ന് കണ്ട് ഖേദപ്രകടനം നടത്താന്‍ പാര്‍ട്ടി വിജയരാഘവനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. രമ്യ നല്‍കിയ പരാതിയില്‍ കോടതി തീരുമാനമെടുക്കട്ടെ എന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. പരാതി നൽകി രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് രമ്യ കോടതിയെ സമീപിക്കാനൊരുങ്ങിയ പശ്ചാത്തലത്തിലാണ് കൊടിയേരിയുടെ പ്രതികരണം.
രമ്യ ഹരിദാസ് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പാണക്കാട്ട് തങ്ങളേയും ശേഷം കുഞ്ഞാലിക്കുട്ടിയേയും സന്ദർശിച്ച സംഭവത്തെ പരാമർശിച്ചുകൊണ്ട് എ. വിജയരാഘവൻ അധിക്ഷേപകരമായി സംസാരിച്ചിരുന്നു. പൊന്നാനിയിൽ നടന്ന എൽഡിഎഫ് യോഗത്തിനിടെയാണ് എൽഡിഎഫ് കൺവീനർ വിജയരാഘവൻ രമ്യയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്.
പൊന്നാനിയില്‍ പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ നേതാക്കള്‍ പാണക്കാട് എത്തുകയാണ്. ആലത്തൂരിലെ സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം. അതേസമയം കോഴിക്കോട് നടന്ന ഒരു ചടങ്ങിലും വിജയരാഘവൻ രമ്യക്കെതിരെ സമാന പരാമർശം നടത്തിയിരുന്നു.
വിജയരാഘവന്റെ പരാമര്‍ശങ്ങൾക്കെതിരെ ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് രമ്യ പരാതി നൽകിയത്. ആലത്തൂർ ഡിവൈഎസ്പിക്ക് നൽകിയ പരാതി അന്വേഷണത്തിനായി മലപ്പുറം എസ് പിക്ക് കൈമാറിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടും തുടര്‍ നടപടിക്കായി എസ് പി നിയമോപദേശം തേടിയിരിക്കുകയാണ്. അതേസമയം കേസ് വൈകിപ്പിക്കാനുള്ള നീക്കമാണ് ഇതെന്നാണ് യു.ഡി.എഫ് ആരോപണം.
https://www.facebook.com/Malayalivartha
























