ഒരു അബ്ദുള്ളക്കുട്ടി മാത്രമല്ല ഒട്ടേറെ അബ്ദുള്ളക്കുട്ടിമാര്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക്

ബിജെപിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷായെ കാണാന്‍ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കൊപ്പം വന്നിട്ടുണ്ടെന്നും അവരുടെ പട്ടിക പുറത്തുവിടുന്നില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ഒരു അബ്ദുള്ളക്കുട്ടി മാത്രമല്ല, ഒട്ടേറെ അബ്ദുള്ളക്കുട്ടിമാര്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്കുവരും. സി കേശവന്റെ കുടുംബത്തില്‍ നിന്നുപോലും ആളുകള്‍ പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ അംഗത്വപ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു . പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്‍റെ പേരിലാണ് അബ്ദുള്ള കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിൽ മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.
ബിജെപിയെ ഇത്രകാലവും താൻ തെറ്റിദ്ധരിക്കുകയായിരുന്നു എന്നു തിരിച്ചറിഞ്ഞതായി എ.പി.അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.ജെ.പി.നഡ്ഡയിൽനിന്ന് അഞ്ചുരൂപ അംഗത്വം കൈപ്പറ്റി, ആ കടലാസിന്റെ പിൻഭാഗം വായിച്ചുനോക്കിയപ്പോഴാണു ബിജെപിയെ ഇത്രകാലവും തെറ്റിദ്ധരിക്കുകയായിരുന്നു എന്നു താൻ തിരിച്ചറിഞ്ഞതെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ഭാരതത്തിന്റെ പൈതൃകവും ദേശീയതയുമാണ് ബിജെപി ഉയർത്തിപ്പിടിക്കുന്നത് എന്നും അബ്ദുള്ള കുട്ടി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ പാർട്ടി തന്നെ സ്വീകരിച്ചതു മുജ്ജന്മ സുകൃതമാണ്. സ്വന്തം പ്രധാനമന്ത്രിയെ പുകഴ്ത്തിയതിനു പാർട്ടിയിൽനിന്നു പുറത്തായ ആദ്യ രാഷ്ട്രീയക്കാരൻ ലോകത്ത് ഒരു പക്ഷേ താനായിരിക്കും എന്നും അബ്ദുള്ളകുട്ടി അഭിപ്രായപ്പെട്ടു.
ഇന്ത്യാ വിഭജനകാലത്ത് മുഹമ്മദലി ജിന്നയെ എതിർക്കുകയും ഇന്ത്യയുടെ ദേശീയ വീക്ഷണം ഉയർത്തിപ്പിടിക്കുകയും ചെയ്തവരാണ് ഖാൻ അബ്ദുൽഗാഫർ ഖാൻ, അബുൽ കലാം ആസാദ് എന്നിവർ. ആ ചരിത്രം ആവർത്തിച്ച സമയമാണിത്. അതുകൊണ്ട് ദേശീയ മുസ്‌ലിം എന്ന പദം താൻ ബോധപൂർവം ഉപയോഗിച്ചതാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha

























