ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

അപകടത്തില്‍പ്പെട്ട് വസ്ത്രം മുഴുവന്‍ കീറിപ്പോയ സ്ത്രീക്ക് ഒട്ടും മടിക്കാതെ സ്വന്തം ഉടുമുണ്ടഴിച്ചു നല്‍കി മാതൃകയായ ഒരു സാധാരണ ചായ വില്‍പ്പനക്കാരനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും നാട്ടുകാരും. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പില്‍ എം.ആര്‍. ഷാജി (53) എന്ന വലിയ മനസ്സിന് ഉടമയായ മനുഷ്യനാണ് മലയാളി മനസ്സ് കീഴടക്കിയത്. കടകളില്‍ ചായ നല്‍കാനായി സൈക്കിളില്‍ എത്തിയതായിരുന്നു ഷാജി. ഈ സമയമായിരുന്നു അപകടമുണ്ടായത്. പ്രൈവറ്റ് ബസിന്റെ മുന്‍ചക്രത്തിനടിയിലേക്കാണ് യുവതി വീണത്.
പ്രദേശത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് ബസ് പിന്നോട്ട് നീക്കി സ്ത്രീയെ രക്ഷപ്പെടുത്തുന്നത്. എന്നാല്‍ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെത്തുടര്‍ന്ന് വസ്ത്രങ്ങള്‍ പൂര്‍ണമായും കീറിപ്പോയിരുന്നു. ഇവരെ ഏഴുനേല്‍പിച്ച ഉടന്‍ ഷാജി താന്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ചു നല്‍കുകയായിരുന്നു. പിന്നീട് സമീപത്തെ കടയില്‍ നിന്നാണ് ഷാജി മറ്റൊരു മുണ്ട് വാങ്ങിയുടുത്തത്.'അപ്പോള്‍ വേറൊന്നും മനസില്‍ വന്നില്ല. ആ സ്ത്രീയുടെ വസ്ത്രങ്ങളെല്ലാം ടയര്‍ കേറിയരഞ്ഞ്, കീറിപ്പറിഞ്ഞ് കിടക്കുവാണ്. പെട്ടെന്ന് തോന്നിയത് മുണ്ടഴിച്ച് അവരുടെ ശരീരം മറയ്ക്കാനാണ്. അവര്‍ക്കൊരു പ്രയാസം ഉണ്ടാകരുതല്ലോ. പിന്നെ എല്ലാവരും കൂടി ഓട്ടോയില്‍ കയറ്റി അവരെ ആശുപത്രിയിലേക്ക് വിട്ടു.
എനിക്ക് അപ്പോള്‍ അടുത്തുള്ള കടയിലെ പയ്യന്‍ ഒരു മുണ്ട് കൊണ്ടുവന്നു തന്നു''-അപകടത്തില്‍പ്പെട്ട് വസ്ത്രം മുഴുവന്‍ കീറിപ്പോയ സ്ത്രീക്ക് സ്വന്തം ഉടുമുണ്ടഴിച്ച് നല്‍കിയ ഷാജിക്ക് താന്‍ ചെയ്തത് വലിയ കാര്യമാണെന്നൊന്നും തോന്നുന്നില്ല. അപ്പോള്‍ അങ്ങനെ തോന്നി, അത് ചെയ്തു എന്ന് 53 വയസ്സുകാരനായ ഷാജി പറയുന്നു.കഴിഞ്ഞദിവസം ഉച്ചയോടെ തൃപ്പൂണിത്തുറ സ്റ്റാച്യൂ ജങ്ഷനില്‍ എറണാകുളത്തേക്ക് തിരിയുന്നിടത്തു വച്ചായിരുന്നു മനസ്സാക്ഷിയെ നടുക്കിയ ആ അപകടം നടന്നത്. മുളന്തുരുത്തി സ്വദേശിനിയായ 56കാരി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ എറണാകുളത്തേക്ക് തിരിയുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് വീഴുകയായിരുന്നു.
ബസിന്റെ മുന്‍ചക്രത്തിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചുകൊണ്ടുപോയി. നാട്ടുകാരുടെ വലിയ ബഹളം കേട്ടാണ് ബസ് ജീവനക്കാര്‍ വണ്ടി നിര്‍ത്തിയത്. തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്നവര്‍ ഓടിയെത്തി ബസ് പിന്നോട്ട് നീക്കിയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. ജീവിതത്തില്‍ ആദ്യമായാണ് അത്തരമൊരു ഭയാനകമായ കാഴ്ച കാണുന്നതെന്ന് ഷാജി ഓര്‍ക്കുന്നു. ചായച്ചേട്ടന്റെ ഈ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഈ ദൃശ്യങ്ങള്‍ പലരുടെയും മൊബൈലുകളില്‍ പ്രചരിക്കുമായിരുന്നുവെന്ന ആശങ്കയും, സ്ത്രീകളെ ബഹുമാനിക്കുന്ന നല്ലൊരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ഈ സംഭവം ഒരു പാഠമാകട്ടെയെന്നുമുള്ള നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഷാജിയെ പ്രശംസിച്ചുകൊണ്ട് നിറയുന്നത്.
താന്‍ ചെയ്തത് അത്ര വലിയ കാര്യമാണെന്നൊന്നും തോന്നുന്നില്ലെന്നും അപ്പോള്‍ അങ്ങനെ തോന്നി, അത് ചെയ്തുവെന്നും ലളിതമായി പറയുന്ന ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്.
https://www.facebook.com/Malayalivartha

























