തോപ്പുംപടിയില്‍ ചെരുപ്പ് കടയുടെ ഗോഡൗണിന് തീ പിടിച്ചു; ഒഴിവായത് വന്‍ദുരന്തം

തോപ്പുംപടിയില്‍ ചെരുപ്പ് കടയുടെ ഗോഡൗണിന് തീ പിടിച്ചു വന്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. മാര്‍സന്‍ ഫൂട്ട് വെയര്‍ ഷോപ്പിലാണ് വന്‍ തീ പിടുത്തമുണ്ടായത്. ഏതാണ്ട് അരക്കോടി രൂപയുടെ സ്‌റ്റോക്കാണ് സ്‌റ്റോറില്‍ ഉണ്ടായിരുന്നത്. ഇവ പൂര്‍ണമായും കത്തി നശിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം.
കടയുടെ രണ്ടാം നിലയിലെ ഗോഡൗണിലാണ് തീ പിടിച്ചത്. തീ പെട്ടെന്ന് ആളി പടര്‍ന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. ഗാന്ധി നഗര്‍, ക്ലബ്ബ് റോഡ്, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, തൃപ്പൂണിത്തുറ, അരൂര്‍ എന്നിവടങ്ങളില്‍ നിന്നായി എത്തിയ ഒമ്ബത് യൂനിറ്റുകളില്‍ നിന്നുള്ള നാല്‍പ്പത്തിയഞ്ചോളം ജീവനക്കാര്‍ ജില്ല ഫയര്‍ ആഫീസര്‍ എ.എ.സ് ജോഷിയുടെ നേതൃത്വത്തില്‍ രണ്ടര മണിക്കൂര്‍ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൊച്ചിന്‍ പോര്‍ട്ട്, നാവിക സേന എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന യൂനിറ്റുകളും തീയണക്കാന്‍ എത്തിയിരുന്നു. നാട്ടുകാരും സേനക്കൊപ്പം തീയണക്കാന്‍ കൈകോര്‍ത്തു. ഗോഡൗണ്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗോഡൗണിന്റെ താഴത്തേ നിലയിലെ കടയിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. തീപിടുത്തമുണ്ടായതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് തോപ്പുംപടിയില്‍ എത്തിയത്. ഹൈബി ഈഡന്‍ എം.പി, കെ.ജെ. മാക്‌സി എം.എല്‍.എ.എന്നിവരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























