അമ്പിനും വില്ലിനും അടുക്കുന്നില്ല; സുരേന്ദ്രന്റെ കരുണക്കായി കാലുപിടിച്ച് ബിജെപി ; ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍. എന്നാൽ കെ.സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയോഗത്തില്‍ ആവശ്യം ഉയർന്നു. കോന്നിയിലോ മഞ്ചേശ്വരത്തോ സുരേന്ദ്രൻ മത്സരിക്കണമെന്നാണ് ആവശ്യം ഉയർന്നത്. എന്നാൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച സുരേന്ദ്രന് യോഗം പൂർത്തിയാക്കും മുമ്പ് മടങ്ങുകയും ചെയ്തു.
പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പിൽ കോന്നിയിൽ എൻഡിഎയുടെ വോട്ട് നില ഉയർത്താൻ സുരേന്ദ്രന് കഴിഞ്ഞതും മണ്ഡലത്തിൽ അദ്ദേഹത്തിനുള്ള പരിചയവും ചൂണ്ടിക്കാട്ടിയാണ് മത്സരിക്കണമെന്ന് ആവശ്യമുയർന്നത്. കോന്നിയില്‍ 28,000ത്തോളം വോട്ടുകള്‍ സമാഹരിക്കാനും സുരേന്ദ്രനായിരുന്നു. എന്നാല്‍ കോന്നിയിലോ മഞ്ചേശ്വരത്തോ അല്ല ഈ ഉപതെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ താനില്ലെന്ന് സുരേന്ദ്രന് വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണമെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോടും ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹവും സമ്മതം മൂളിയിട്ടില്ല.
സുരേന്ദ്രൻ സന്നദ്ധനാകാതെവന്നാൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടിയുടെ ഉദ്ദേശ്യം. ശോഭാ സുരേന്ദ്രന് താത്പര്യമില്ലെങ്കിൽ ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയോ ജനറൽ സെക്രട്ടറി ഷാജി ആർ.നായരോ ആയിരിക്കും സ്ഥാനാർത്ഥി.
മുതിര്‍ന്ന നേതാക്കള്‍ മത്സരരംഗത്തേക്ക് കടന്നു വരാത്തത് ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. മികച്ച പ്രകടനം കാഴ്ചവെച്ച മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ മത്സരിക്കാനില്ലെന്ന പ്രമുഖനേതാക്കളുടെ നിലപാട് ജയസാധ്യത കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. ഉപതിരഞ്ഞെടുപ്പുകളിൽ വോട്ട് കുറഞ്ഞ ചരിത്രമുള്ളതുകൊണ്ടാണ് നേതാക്കൾ പിന്മാറുന്നതെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു.
2016-ൽ ചെങ്ങന്നൂരിൽ മത്സരിച്ച പി.എസ്. ശ്രീധരൻപിള്ളയെ ബി.ജെ.പി., ആർ.എസ്.എസ്. നേതാക്കൾ നിർബന്ധിച്ചാണ്, പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ രംഗത്തിറക്കിയത്. ഫലംവന്നപ്പോൾ വോട്ട് കുറയുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് വട്ടിയൂർക്കാവിലും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി.പുളിക്കൽ അരൂരും മറ്റൊരു വൈസ് പ്രസിഡന്റ് കെ.യു. ജനീഷ്കുമാർ കോന്നിയിലും മത്സരിക്കും. ഇടതുസ്വതന്ത്രനായ മനു റോയിയാണ് (എറണാകുളം) സ്ഥാനാർഥി. മുതിർന്ന പത്രപ്രവർത്തകൻ കെ.എം. റോയിയുടെ മകനാണ് മനു റോയ്. മഞ്ചേശ്വരത്തു സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിയംഗം ശങ്കർ റൈ മത്സരിക്കും. മുൻ എംഎൽഎയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.എച്ച്. കുഞ്ഞമ്പുവിനെ മഞ്ചേശ്വരത്തു പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ശങ്കർ റൈയ്ക്ക് നറുക്ക് വീഴുകയായിരുന്നു. അഞ്ച് സീറ്റുകളിലും പുതുമുഖങ്ങളാണ് മത്സരിക്കുന്നത് എന്ന പ്രത്യേകതയും സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഇത്തവണയുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാർഥികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാമുദായിക സമവാക്യങ്ങൾ നോക്കിയല്ല സ്ഥാനാർഥികളെ നിർണയിച്ചതെന്നു കോടിയേരി വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം മാറിയെന്നും കോടിയേരി പ്രതികരിച്ചു.
https://www.facebook.com/Malayalivartha





















