ആകാംക്ഷയോടെ കേരളം... പാല ഉപതെരഞ്ഞെടുപ്പ് ഫലം വരുന്ന ഉപതെരഞ്ഞെടുപ്പുകളെ കാര്യമായി ബാധിക്കും; ജോസ് ടോം ജയിക്കുമെന്ന അഭിപ്രായ സര്‍വേയുണ്ടെങ്കിലും പാലായില്‍ എന്തും നടക്കാം; പി.ജെ. ജോസഫിന്റെ ഭാവി നിര്‍ണയിക്കുന്ന ഒന്നാകുമിത്

കേരളം ആകാക്ഷയുടെ മുന്‍ മുനയിലാണ്. പാല ഉപതെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ഇത് കേവലമൊരു ഉപതെരഞ്ഞെടുപ്പ് മാത്രമായിരിക്കില്ല. വരുന്ന 5 ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിക്കുന്ന ഒന്നായി മാറും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ജയിക്കുമെന്നാണ് എല്ലാ പ്രവചനങ്ങളും വന്നിരിക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഫലങ്ങള്‍ മാറിമറിയാം. എന്തുതന്നെയായാലും കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും ഈ തെരഞ്ഞെടുപ്പ്. ജോസ് ടോം തോറ്റ് കഴിഞ്ഞാല്‍ പിജെ ജോസഫിന്റെ കലാപം കൊണ്ടാണെന്ന് വരും. ജയിച്ച് കഴിഞ്ഞാലോ ജോസ് കെ. മാണിയുടെ വന്‍ വിജയമായി മാറും. രണ്ടും സംഭവിച്ചാലും നഷ്ടം പിജെ ജോസഫിനായിരിക്കും. ജോസഫിന്റെ നിലനില്‍പ്പിനേപ്പോലും ബാധിക്കും.
കെ.എം. മാണിക്ക് ശേഷമുള്ള രാഷ്ട്രീയ താരോദയത്തിന് പാലാ ഇന്ന് സാക്ഷിയാകുന്നത്. മാണി കുടുംബത്തില്‍ നിന്നുള്ള ആരും സ്ഥാനാര്‍ത്ഥിയല്ലാതിരുന്നതിനാല്‍ പുറത്തു നിന്നാകും പിന്‍ഗാമി . കാപ്പന്‍ കുടുംബത്തില്‍ നിന്നുള്ള മറ്റൊരു മാണിയാകുമോ അതോ പുലിക്കുന്നേല്‍ കുടുംബത്തില്‍ നിന്നുള്ള ജോസാകുമോ എന്ന് ഇന്ന് ഉച്ചയോടെ അറിയാം. രണ്ടില ചിഹ്നമില്ലാതെ സ്വതന്ത്രനായി മത്സരിക്കേണ്ടി വന്ന ജോസ് ടോം വിജയിച്ചാല്‍ ജോസ് കെ. മാണിക്ക് രാഷ്ടീയ വിജയമായി അഭിമാനിക്കാം. ചിഹ്നം പോലും നിഷേധിച്ച പി.ജെ.ജോസഫിന് അത് ക്ഷീണമാകും. തോറ്റാല്‍ ജോസഫിനെതിരെ കാലുവാരല്‍ ആരോപണവും ഉണ്ടാകും. മാണി സി. കാപ്പന്‍ ജയിച്ചാല്‍ 54 വര്‍ഷം കെ.എം.മാണി കുത്തകയാക്കി കൈവെള്ളയില്‍ വച്ച പാലായില്‍ ഇടതു മുന്നണിക്ക് അട്ടിമറി ജയം അവകാശപ്പെടാം. തോറ്റാല്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് മറിച്ചു കൊടുത്തുവെന്ന് ന്യായീകരിക്കാം. എന്‍.ഡി.എയ്ക്ക് വോട്ട് കുറഞ്ഞാല്‍ വോട്ടു കച്ചവടം ശരിയെന്ന് തെളിയും.
അഞ്ച് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ വരെ ഇത് പിടിച്ചുലയ്ക്കുന്നതാകും. സ്വകാര്യ ചാനലും കേരള സര്‍വകലാശാലാ പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ടുമെന്റും നടത്തിയ എക്‌സിറ്റ് പോളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് 48 ശതമാനം വോട്ട് വരെ ലഭിക്കാമെന്നാണ് പ്രവചനം.ഇടതു സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന് 32 ശതമാനവും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.ഹരിക്ക് 19 ശതമാനവും വോട്ടെന്നുള്ള പ്രവചനം ശരിയായാല്‍ 16 ശതമാനം കൂടുതല്‍ വോട്ടിന്റെ മികവില്‍ ജോസ് ടോമിന്റെ ഭൂരിപക്ഷം 20000 കടക്കുമെന്നാണ് വിലയിരുത്തല്‍. എക്‌സിറ്റ് പോള്‍ പ്രവചനം ഇടതു മുന്നണി തള്ളുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നു ദിവസം പാലായില്‍ താമസിച്ച് പ്രചാരണം നടത്തിയതിന്റെയും മുഴുവന്‍ മന്ത്രിമാരും നേതാക്കളും കുടുംബയോഗങ്ങളില്‍ പങ്കെടുത്തതിന്റെയും മികവില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നാണ് നേതാക്കളുടെ കണക്കു കൂട്ടല്‍. മോദി പ്രഭാവവും ശബരിമലയും സഹായിക്കുമെന്നതിനാല്‍ നില മെച്ചപ്പെടുമെന്നാണ് എന്‍.ഡി.എ അവകാശവാദം.
https://www.facebook.com/Malayalivartha





















