പാലായെ ഞെട്ടിച്ച് മാണി സി കാപ്പൻ കുതിക്കുന്നു; എല്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നില്‍; യുഡിഎഫ് ക്യാമ്പ് നിശബ്ദം; രാമപുരത്ത് ബിജെപിയും എല്‍ഡിഎഫും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ആരോപിച്ചു

പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ ലീഡ് നിലയില്‍ കുതിപ്പ്. 4000 ലധികം ലീഡുമായി കാപ്പൻ മുന്നിൽ. ആറ് പഞ്ചായത്തുകളില്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ യുഡിഎഫിനെതിരെ ഞെട്ടിക്കുന്ന കുതിപ്പാണ് മാണി സി കാപ്പന്‍ നടത്തിയിരിക്കുന്നത്. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. യുഡിഎഫിന്റെ നാല് ശക്തികേന്ദ്രങ്ങളിലും ജോസ് ടോമിന് കാലിടറി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മാണി സി കാപ്പനൊപ്പം നിന്ന തലനാട്, തലപ്പലം പഞ്ചായത്തുകള്‍ ഇത്തവണയും എല്‍ഡിഎഫിനൊപ്പം നിന്നു.
സര്‍വീസ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ 14 വോട്ടുകളില്‍ രണ്ടെണ്ണം അസാധുവായി. നേരത്തെ പോസ്റ്റല്‍ വോട്ടുകളിലെ ഫലം പുറത്തുവന്നപ്പോള്‍ മൂന്ന് വോട്ടുകള്‍ അസാധുവായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ യു.ഡി.എഫ്-ആറ്, എല്‍.ഡി.എഫ്-ആറ് വോട്ടുകളാണ് മുന്നണികള്‍ക്ക് ലഭിച്ചത്. 54 വര്‍ഷം കെ.എം. മാണിയെ മാത്രം വിജയിപ്പിച്ച പാലായില്‍ നിന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമസഭയിലെത്തുന്നത് ആരെന്ന് ഇന്നറിയാം.
രാവിലെ 8ന് കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 176 ബൂത്തുകളിലെ 1,27,939 വോട്ടുകള്‍ 14 റൗണ്ടില്‍ എണ്ണും. 10 മണിക്കുള്ളില്‍ ഫലം അറിയാനായേക്കും. 13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക. 14 ടേബിളുകള്‍ സജ്ജമാക്കിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിംഗ് ശതമാനം.
യുഡിഎഫിന്റെ കോട്ടയായ രാമപുരത്ത് മാണി സി കാപ്പന്‍ ലീഡ് നേടിയത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കി. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വ്യക്തമായ ലീഡ് ലഭിച്ചിരുന്ന പഞ്ചായത്തായിരുന്നു രാമപുരം. ഇവിടെ മാണി സി കാപ്പന്‍ 751വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്.
വലിയ മുന്നേറ്റം പ്രതീക്ഷിച്ച പഞ്ചായത്തില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് യുഡിഎഫിനുണ്ടായത്. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസുമാണ് രാമപുരത്തെ ഏറ്റവും വലിയ രാഷ്ട്രായ കക്ഷികള്‍. യുഡിഎഫിന്റെ മറ്റൊരു ശക്തിപ്രദേശമായ കടനാട്ടില്‍ 870 വോട്ടിന്റെ ഭൂരിപക്ഷമാണാ് മാണി സി കാപ്പന്‍ നേടിയിരിക്കുന്നത്.
കെഎം മാണിയല്ലായിരുന്നു തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെങ്കില്‍ മുമ്പേ ജയിക്കുമായിരുന്നുവെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ മാണിയോട് വിരോധമുള്ളവരുടെ ഒരുവിഭാഗം കേരള കോണ്‍ഗ്രസ് അണികളുടെയും ബിഡിജെഎസിന്റെയും വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ അവകാശപ്പെട്ടു. രാമപുരത്ത് ബിജെപിയും എല്‍ഡിഎഫും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ആരോപിച്ചു. രാമപുരത്ത് തനിക്ക് കിട്ടിയത് യുഡിഎഫ് വോട്ടുകളാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















