സര്‍ക്കാര്‍ പദ്ധതി വന്നത് നെല്ലിന്റെ ജന്മദിനത്തില്‍! അതിനു മുമ്പേ നെല്‍കൃഷിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മാതൃകാപാടം ഒരുക്കി സര്‍ക്കാര്‍ വിദ്യാലയം

ആലപ്പുഴയിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാവുങ്കല്‍ പഞ്ചായത്ത് എല്‍പി സ്‌കൂള്‍ മുറ്റത്ത് സര്‍ക്കാര്‍ പദ്ധതി വരും മുമ്പേ , മാതൃകാപാടം ഒരുക്കി വിദ്യാര്‍ഥികളില്‍ നെല്‍കൃഷിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.
കേരള കാര്‍ഷിക വികസന ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതി ആരംഭിച്ചത് നെല്ലിന്റെ ജന്മദിനമായ കന്നിയിലെ മകം നക്ഷത്രദിവസമായ സെപ്റ്റംബര്‍ 26-നായിരുന്നു.
എന്നാല്‍ ഇതിന് ഒരു പടി മുമ്പേ കുട്ടികളെ കൃഷിയില്‍ തത്പരരാക്കി മാതൃക തീര്‍ത്തൂ, ഈ വിദ്യാലയം. അരിയുണ്ടാകുന്നത് എങ്ങനെ എന്ന ഒരു ഒന്നാം ക്ലാസുകാരന്റെ സംശയം സ്‌കൂള്‍ വളപ്പിലെ നെല്‍കൃഷി പരിചയപ്പെടുത്തി പ്രധാനാധ്യാപിക പി.കെ. സാജിത കുട്ടികള്‍ക്ക് തീര്‍ത്തു കൊടുത്തു.
സ്‌കൂള്‍ മുറ്റത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതില്‍ ചെളി നിറച്ചാണ് കൃഷിക്കായി നെല്‍പ്പാടം തയാറാക്കിയത്. അവിടെ ഉമ നെല്‍വിത്താണ് വിതച്ചത്്. നിലം ഒരുക്കുന്നതും വിത്തു പാകപ്പെടുത്തി വിതക്കുന്നതും പരിചരിക്കുന്നതും കുട്ടികള്‍ ചെയ്തു പഠിച്ചു. സ്‌കൂളിലെ പാര്‍ട്ട് ടൈം ജീവനക്കാരനും പാരമ്പര്യ ജൈവ കൃഷിക്കാരനുമായ കൈതക്കുഴിയില്‍ ഗോവിന്ദനാണ് കൃഷി അറിവുകളുമായി കുട്ടികള്‍ക്കൊപ്പം കൂടിയത്.
സഹായത്തിന് അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും. മൂന്നു മാസത്തെ പരിചരണത്തിനൊടുവില്‍ കൊയ്ത്തിനു പാകമായി നെല്‍ക്കതിര്‍ എത്തി. മഴ മാറിയാല്‍ അടുത്ത ആഴ്ച നെല്ലു കൊയ്യും. കൊയ്‌തെടുത്ത നെല്ലുകൊണ്ട് ശിശു ദിനത്തില്‍ പാല്‍പായസം ഉണ്ടാക്കിത്തരാമെന്ന ടീച്ചറുടെ ഉറപ്പ് കാത്തിരിക്കുകയാണ് കുട്ടികള്‍.
നെല്ലു മാത്രമല്ല പയറും വെണ്ടയും പാവലും വഴുതനയുമടങ്ങുന്ന പച്ചക്കറികളും ഈ സ്‌കൂള്‍ വളപ്പില്‍ വിളഞ്ഞ് നില്‍ക്കുന്നു. കൂടാതെ പൂച്ചെടികളും സ്‌കൂളിന് അലങ്കാരമായുണ്ട്. ഇവിടെ എത്തുന്ന ചിത്രശലഭങ്ങളും, വ്യത്യസ്ത വിഭാഗത്തിലുള്ള വണ്ടുകളും പക്ഷികളും കുട്ടികള്‍ക്ക് പുത്തനറിവുകള്‍ നല്‍കുന്നു. സര്‍ക്കാര്‍ പദ്ധതി വരും മുമ്പേ തങ്ങളുടെ സ്‌കൂളില്‍ നെല്ലറിവുകള്‍ കുട്ടികള്‍ക്ക് കാട്ടിക്കൊടുക്കാന്‍ കഴിഞ്ഞ സംതൃപ്തിയിലാണ് അധ്യാപകര്‍.
https://www.facebook.com/Malayalivartha





















