ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാര്‍

കൂത്തുപറമ്പിലോടുന്ന സോള്‍ജിയര്‍ ബസ് ജീവനക്കാര്‍ യാത്രയ്ക്കിടെ കുരുന്നു ജീവന്റെ രക്ഷകരായി. കേവലം ഒരു ട്രിപ്പിനേക്കാളോ തങ്ങള്‍ക്ക് ലഭിക്കുന്ന വേതനത്തേക്കാളോ വലുതാണ് മനുഷ്യ ജീവനെന്ന് സമയോചിതമായ പ്രവൃത്തിയിലൂടെ അടിവരയിടുകയാണ് തലശേരി ഇരിട്ടി റൂട്ടിലോടുന്ന ഈ ബസിലെ ജീവനക്കാര്‍.
്തലശേരിയില്‍ നിന്നും ഇരിട്ടിയിലേക്കുള്ള യാത്രയ്ക്കിടെ ബസിലുണ്ടായിരുന്ന വെറും അഞ്ച് മാസം പ്രായമുള്ള കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ ആശുപത്രിയില്‍ എത്തിച്ചാണ് ഇവര്‍ സഹജീവി സ്‌നേഹത്തിന് മാതൃകയായത്.
സീറ്റില്‍ അച്ഛനമ്മമാരോടൊപ്പമുണ്ടായിരുന്ന കുഞ്ഞിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത് ഉച്ചയ്ക്ക് രണ്ടോടെ നിര്‍മലഗിരിക്കടുത്ത് നീറോളിച്ചാലില്‍ എത്തിയപ്പോഴാണ്. ശ്വാസം കിട്ടാതെ വായില്‍ നിന്ന് നുരയും പതയും വന്ന് അവശനിലയിലായിരുന്നു കുട്ടി. യാത്രക്കാരും വെപ്രാളത്തിലായി. ഈ കാര്യം ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതോടെ അവര്‍ മറ്റൊന്നും ചിന്തിച്ചില്ല.
ഉടന്‍ തന്നെ ബസ് തിരിച്ച്, വന്ന വഴിയേ ഒരു കിലോമീറ്ററോളം ഓടിച്ച് കുഞ്ഞിനെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബസുമായി പതിനഞ്ച് മിനിറ്റോളം ആശുപത്രിയില്‍ കാത്ത് നില്‍ക്കേണ്ടി വന്നെങ്കിലും ഒരാള്‍ പോലും ബസില്‍ നിന്നും ഇറങ്ങി പോകാതെ തങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയെന്ന് ബസ് ഡ്രൈവര്‍ മാട്ടറ സ്വദേശിയായ എം.ഡിന്റോ പറഞ്ഞു.
കണ്ടക്ടര്‍ കൂട്ടുപുഴ സ്വദേശിയായ അര്‍ഷിത്ത്, ക്ലീനര്‍ ഇരിട്ടി എം.ജി.കോളജിന് സമീപത്തെ ശരത്ത് എന്നിവരും ചേര്‍ന്നാണ് കുഞ്ഞിന് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കോളയാട് ആണ് അസുഖബാധിതയായ കുഞ്ഞിന്റെ സ്വദേശം. വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞ് ഇപ്പോള്‍ തലശേരിയിലെ ആശുപത്രിയിലാണ്. തക്ക സമയത്തെ ഇടപെടലിലൂടെ ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് സോള്‍ജിയര്‍ ബസിന്റെ തേരാളികള്‍.
https://www.facebook.com/Malayalivartha





















