ഫാസ്റ്റ് ഫുഡ് തട്ടുകട ഭീഷണിപ്പെടുത്തി തുറപ്പിച്ച് രാത്രി ഭക്ഷണം കഴിച്ച പൊലീസുകാര്‍ പണം നല്‍കാതെ മടങ്ങാൻ ശ്രമിച്ചു; ചോദ്യം ചെയ്ത എഞ്ചിനിയറിംഗ് ബിരുദധാരികളുടെ കട പൊലീസ് പൂട്ടിച്ചെന്ന് പരാതി

രാത്രി അടച്ച ഫാസ്റ്റ് ഫുഡ് തട്ടുകട ഭീഷണിപ്പെടുത്തി തുറപ്പിച്ച് ഭക്ഷണം കഴിച്ച പൊലീസുകാര്‍ പണം നല്‍കാതെ മടങ്ങിയെന്ന് പരാതി. ഇത് ചോദ്യം ചെയ്തതിന്റെ പേരില്‍ എഞ്ചിനിയറിംഗ് ബിരുദധാരികളുടെ കട പൊലീസ് പൂട്ടിച്ചെന്നും പരാതിയിൽ പറയുന്നു. പരുത്തിപ്പാറ സ്വദേശികളായ അഖില്‍, അരവിന്ദ് എന്നീ എഞ്ചിനിയറിംഗ് ബിരുദധാരികള്‍ നടത്തുന്ന ഫാസ്റ്റ് ഫുഡ് തട്ടുകടയിലാണ് സംഭവം. കടതുറന്നുകിട്ടാനും പൊലീസിന്റെ പ്രതികാര നടപടി അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് യുവാക്കളും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കളും മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
പരാതിയില്‍ പറയുന്നത് ഇങ്ങനെ, രാത്രി 12 മണിക്ക് കടയടച്ച നേരം എസ്.ഐയും സംഘവും ഭക്ഷണം ആവശ്യപ്പെട്ടു കട തുറപ്പിച്ചു. തങ്ങള്‍ക്കു കഴിക്കാനായി മാറ്റിവച്ച ഭക്ഷണം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. ഇതാണു എസ്.ഐയ്ക്കു നല്‍കിയത്. കഴിച്ചു കഴിഞ്ഞയുടന്‍, തണുത്തുപോയ ഭക്ഷണത്തിനു പണമില്ലെന്നു എസ്.ഐ പറഞ്ഞു. ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഒടുവില്‍ ആഹാരം കഴിച്ചവര്‍ പൊലീസുകാരാണെന്നു മനസിലായതോടെ യുവാക്കള്‍ പിന്മാറി. എസ്.ഐയും സംഘവും മടങ്ങിയ ഉടന്‍ പേരൂര്‍ക്കടയില്‍ നിന്നു പൊലീസ് എത്തി വിവരം അന്വേഷിച്ചു മടങ്ങി.
തൊട്ടടുത്ത ദിവസം ഭക്ഷണം തയാറാക്കി കഴിഞ്ഞയുടന്‍ പേരൂര്‍ക്കട പൊലീസെത്തി കടപൂട്ടിച്ചു. സ്റ്റേഷന്‍പരിധിയില്‍ കടകാണരുതെന്നും ഉദ്യോഗസ്ഥര്‍ താക്കീതു നല്‍കി. ഒടുവില്‍ ഡി.ജി.പി ഓഫിസിലെത്തി യുവാക്കള്‍ എസ്.ഐയോട് മാപ്പു പറഞ്ഞെങ്കിലും കട തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ പേരൂര്‍ക്കട പൊലീസ് സമ്മതിച്ചില്ല. കട തുറക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ വ്യാപാരിവ്യവസായി സമിതി ഭാരവാഹികളെ സമീപിച്ചു.സമിതി ഇടപെട്ടിട്ടും പൊലീസ് പിന്മാറിയില്ല. ഇതിനെ തുടര്‍ന്നാണു മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.
അതേസമയം, മോശം ഭക്ഷണം വിളമ്പിയതിനെയാണ് ഡിജിപി ഓഫിസിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. കട നടത്തുന്നവര്‍ ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി ശരിയല്ല. പഴകിയ ഭക്ഷണമാണ് വിളമ്പിയതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നു സംരംഭകര്‍ തന്നെയാണ് കട പൂട്ടിപോയതെന്ന് പേരൂര്‍കട സി.ഐ സൈജുനാഥ് പറഞ്ഞു.
https://www.facebook.com/Malayalivartha





















