ഉപയോഗ ശൂന്യമായ മരുന്നുകള്‍ക്ക് വിട: 5 ടണ്‍ മരുന്നുകള്‍ കയറ്റിയയച്ചു

ഉപയോഗിച്ചു കഴിഞ്ഞ് ബാക്കിയായതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ യാതൊരു നിയമങ്ങളും സംവിധാനങ്ങളും നിലവില്‍ ഇല്ലാത്തതിന് പരിഹാരമാകുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റും ഔഷധ വ്യാപാരികളുടെ സംഘടനയായ എ.കെ.സി.ഡി.എയും സംയുക്തമായി 'പ്രൗഡ്' (Proud: Programme for Removal of Unused Drugs) എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
ഈ പദ്ധതിയിലൂടെ ഉപയോഗിച്ച് കഴിഞ്ഞതും ബാക്കിയായതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിക്കുകയും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വേണ്ടി കയറ്റി അയയ്ക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഈ വിഷയത്തിന്റെ വ്യാപ്തിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു.
തിരുവനന്തപുരം ജില്ലയിലെ വിവിധ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇതിനായി പ്രത്യേകം മെഡിസിന്‍ ഡ്രോപ് ബോക്‌സ് സ്ഥാപിച്ചിട്ടുണ്ട്. ഇവ മുഖാന്തിരം ശേഖരിച്ച ഉപയോഗ ശൂന്യമായ മരുന്നുകള്‍ മംഗലാപുരത്തുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പരിസ്ഥിതി വകുപ്പിന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന റാംകീ എനര്‍ജി ആന്റ് എന്‍വയര്‍മെന്റ് മാലിന്യ സംസ്‌കരണ പ്ലാന്റ് വഴിയാണ് ശാസ്ത്രീയമായി സംസ്‌കരിക്കുന്നത്.
https://www.facebook.com/Malayalivartha





















