എറണാകുളം ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ പൊലീസ് കൈ തല്ലിയൊടിച്ച മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിനും ജില്ലാ സെക്രട്ടറി പി.രാജുവിനും പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല

എറണാകുളം ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ പൊലീസ് കൈ തല്ലിയൊടിച്ച മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിനും ജില്ലാ സെക്രട്ടറി പി.രാജുവിനും പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. ഹാജരാകുന്ന ദിവസം മജിസ്‌ട്രേറ്റ് ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ പി രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം രണ്ടാം പ്രതിയുമാണ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനധികൃതമായി സംഘം ചേരല്‍, പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മാര്‍ച്ച് അക്രമാസക്തമായതിന് 300 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമത്തിനെതിരെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഞാറയ്ക്കല്‍ പോളിടെക്‌നിക്കില്‍ നടത്തിയ പ്രകടനത്തിനിടെ അവരെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചിരുന്നു. അവരെ കാണാന്‍ ഞാറയ്ക്കല്‍ ആശുപത്രിയിലെത്തിയ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെ ഡിവൈഎഫ്‌ഐ - എസ്എഫ്‌ഐ പ്രവര്‍ത്തകരും കഞ്ചാവ് മാഫിയയും ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ അക്രമികള്‍ക്കനുകൂലമായി സിഐ ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സിപിഐ ജില്ലാ കമ്മിറ്റി ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനു നേരെ ലാത്തി ചാര്‍ജ്ജും ജലപീരങ്കിയും പ്രയോഗിച്ചു. എല്‍ദോ എബ്രഹാം എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു എന്നിവരടക്കം നിരവധി നേതാക്കള്‍ക്ക് പരിക്കേറ്റു.
പി രാജുവിന്റെ തല അടിയേറ്റു പൊട്ടിയിരുന്നു. തലക്കടിയേറ്റ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി സി രഞ്ജിത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറക്കല്‍ സി ഐ മുരളിയെ സസ്‌പെന്റ് ചെയ്യണമെന്ന് സിപിഐ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. നടപടിയില്ലാതിരുന്നതോടെയാണ് സിപിഐ സമരവുമായി രംഗത്തിറങ്ങിയത്. ഒരു നിയന്ത്രണവുമില്ലാതെയാണ് പൊലീസ് പെരുമാറിയതെന്ന് എല്‍ദോ എബ്രഹാം പറഞ്ഞിരുന്നു. സംഭവം ഇടത് മുന്നണിയെ ആകെ പിടിച്ചുലച്ചിരുന്നു. അക്രമത്തെ അപലപിക്കാത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പടപ്പുറപ്പാട് ഉണ്ടായിരുന്നു. പൊലീസ് എം.എല്‍.എയെ വീട്ടില്‍ കയറി ആക്രമിച്ചില്ല, അങ്ങോട്ട് പോയി അടി വാങ്ങുകയായിരുന്നു എന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
പൊലീസ് ആക്രമണത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ എ.കെ ബാലനും ഇ.ചന്ദ്രശേഖരനും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. സംഭവം വിവാദമയാതിനെ തുടര്‍ന്ന് എറണാകുളം കളക്ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിലും ഇത് തന്നെയായിരുന്നു ഉണ്ടായിരുന്നത്. എല്‍ദോ എബ്രഹാമിന്റെ കൈക്ക് പൊട്ടലുണ്ടായിരുന്നു എന്നിട്ടും അദ്ദേഹത്തെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല. അതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നും രാവിലെ എഴുന്നേറ്റ് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാന്‍ തന്നെ കിട്ടില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha
























