അവഗണനയും പരിഹാസവും നേരിടുന്നു ; ഭാര്യയെ വിളിച്ച് സഹപ്രവർത്തകർ ഭീഷണിയും ഉയർത്തുന്നു ; പരാതിയുമായി ബാഡ്ജ് ഓഫ് ഓണര്‍ പുരസ്കാരം വരെ നേടിയ പൊലീസ് ഉദ്യോഗസ്ഥൻ

ജാതി വിവേചനം നേരിടുന്നുവെന്ന് അട്ടപ്പാടി അഗളി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻറെ വെളിപ്പെടുത്തൽ. സഹപ്രവര്‍ത്തകരില്‍ നിന്നുമാണ് കൂടുതലായും വിവേചനപരമായ സമീപനം നേരിടേണ്ടി വന്നത്. സിവില്‍ പൊലീസ് ഓഫീസറായ അട്ടപ്പാടി കടുകുമണ്ണ ഊരിലെ ഹരിദാസാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇത് സംബന്ധിച്ച പരാതി നല്‍കിയിയിരിക്കുന്നത്. മാത്രമല്ല ഭാര്യയെ ഫോണില്‍ വിളിച്ച് സഹപ്രവര്‍ത്തകര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി വന്നിരിക്കുന്നത്.
കുറുംബ വിഭാഗത്തില്‍ പെട്ട ഹരിദാസ് ഏഴു വര്‍ഷമായി പൊലീസ് സേനയില്‍ ഉണ്ട്. മാവോയിസ്റ്റ് വേട്ടയില്‍ പങ്കെടുത്ത ഹരിദാസിന് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്കാരം വരെ കിട്ടിയിട്ടുണ്ട്. എന്നാല്‍ ജോലി ചെയുന്ന സ്റ്റേഷനിലെ സഹപ്രവര്‍ത്തകരില്‍ നിന്നും പരിഹാസം മാത്രമല്ല , നിരന്തര അവഗണനയും നേരിടുന്നതായി ഹരിദാസ് പറയുന്നു. ഭാര്യയെ ഫോണില്‍ വിളിച്ച് മറ്റെരു പൊലീസ് ഓഫീസര്‍ ഭീഷണിപെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം സ്പെഷ്യല്‍ ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം തുടങ്ങി കഴിഞ്ഞു. പരാതിക്കാരനായ ഹരിദാസിന്റെയും ആരോപണ വിധേയരായ നാലു ഉദ്യോഗസ്ഥരുടെയും മൊഴി സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി രേഖപെടുത്തിയിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് നൽകുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.
https://www.facebook.com/Malayalivartha
























