ഓർത്തഡോക്സ് മെത്രാപ്പോലീത്തയുടെ ഇടതു ബന്ധം വട്ടിയൂർക്കാവിനെ മറിക്കുമോ; ഇടതുപക്ഷ മുന്നണി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ സെക്രട്ടറി പദം സ്വീകരിച്ച തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന് എതിരെ സഭാ നേതൃത്വത്തിലും വിശ്വാസികള്‍ക്കിടയിലും അമര്‍ഷം

ഇടതുപക്ഷ മുന്നണി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ സെക്രട്ടറി പദം സ്വീകരിച്ച തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന് എതിരെ സഭാ നേതൃത്വത്തിലും വിശ്വാസികള്‍ക്കിടയിലും അമര്‍ഷം പുകയുന്നു. സഭാ നേതൃത്വം യു ഡി എഫുമായി അടുക്കുമ്പോഴാണ് മെത്രാപോലീത്ത സർക്കാരുമായി കൈകോർത്തത്. ബി ജെ പി ആഭിമുഖ്യം പുലർത്തുന്ന വിശ്വാസികളാണ് സഭക്കെതിരെ രംഗത്തെത്തിയത്.
സഭാ ഭരണവും, സഭയ്ക്കു കീഴിലെ സന്യാസിനീ സമൂഹത്തിന്റെയും വിശ്വാസികളുടെയും സംരക്ഷണവും ഉറപ്പുവരുത്തേണ്ട ഭദ്രാസന മെത്രാപ്പോലീത്ത അക്കാര്യങ്ങള്‍ ഉറപ്പാക്കാതെ രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് സഭാ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെയും വിശ്വാസികളുടെയും മുന്നറിയിപ്പ്.
മലങ്കര സഭയ്ക്കു കീഴിലെ മുഴുവന്‍ പള്ളികളുടെയും ഭരണാധികാരം 1934 ലെ സഭാഭരണഘടന അനുസരിച്ച് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ടുനല്‍കിയ 2017 ജൂലായ് മൂന്നിലെ ചരിത്രപരമായ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് രണ്ടുവര്‍ഷത്തിലധികം വൈകിക്കുകയും അതിന് ഉദാസീനത കാണിക്കുകയും ചെയ്ത ഇടതു സര്‍ക്കാരിന് എതിരെ വിശ്വാസികള്‍ക്കിടയില്‍ കടുത്ത അമര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് വിശ്വാസികളുടെ വികാരം മാനിക്കാതെ ഭദ്രാസന മെത്രാപ്പോലീത്ത സര്‍ക്കാരിന്റെ ഔദാര്യമെന്നോണം കിട്ടിയ സമിതി സെക്രട്ടറിപദം സ്വീകരിച്ചത്
തിരുവനന്തപുരം ഭദ്രാസനത്തിന്റെ പരിധിയില്‍ വരുന്ന വട്ടിയൂര്‍ക്കാവില്‍ ഉള്‍പ്പെടെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മെത്രാപ്പോലീത്തയെ നവോത്ഥാന സംരക്ഷണ സമിതിയുടെ സെക്രട്ടറിമാരില്‍ ഒരാളായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വട്ടിയൂര്‍ക്കാവിന്റെ പരിധിയില്‍ സെന്റ് ജോര്‍ജ് കത്തീഡ്രല്‍, പേരൂര്‍ക്കട മാര്‍ ഗ്രിഗോറിയോസ്, കുമാരപുരം സെന്റ് തോമസ്, നാലാഞ്ചിറ സെന്റ് മേരീസ്, വട്ടിയൂര്‍ക്കാവ് സെന്റ് പീറ്റര്‍, സെന്റ് പോള്‍സ്, നന്തന്‍കോട് സെന്റ് ഗ്രിഗോറിയോസ്, കവടിയാര്‍ മാര്‍ അപ്രേം എന്നീ പള്ളികള്‍ക്കു കീഴിലായി 2800 ലധികം ഓര്‍ത്തഡോക്‌സ് ഭവനങ്ങളുണ്ട്. ഒരു വീട്ടില്‍ നിന്ന് നാലു വോട്ട് എന്ന തോതില്‍ കണക്കാക്കിയാല്‍പ്പോലും വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ ഓര്‍ത്തഡോക്‌സ് വോട്ടുകളുടെ എണ്ണം 11,000 ത്തില്‍ അധികമാണ്. ഇതിനു പുറമെയാണ് ഇടവകാംഗങ്ങളല്ലാത്ത സഭാവിശ്വാസികളുടെ കണക്ക്.
സംസ്ഥാനത്ത് മാറിമാറി ഭരണത്തിലെത്തുന്ന എല്‍.ഡി.എഫില്‍ നിന്നോ യു.ഡി.എഫില്‍ നിന്നോ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ യാതൊരു നിലപാടും ഇതേവരെ ഉണ്ടായിട്ടില്ലാത്തതിനാല്‍ വിശ്വാസികളില്‍ ബഹുഭൂരിപക്ഷത്തിനും ബി.ജെ.പി അനുകൂല നിലപാടാണെന്ന വസ്തുത മറന്നാണ് ഭദ്രാസന മെത്രാപ്പോലീത്തയുടെ ഇടത് അഭിമുഖ്യമെന്ന് ബി ജെ പി വിശ്വാസികൾ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ട ഇടതുമുന്നണിയുടെ അവസ്ഥ ഈ ഉപതിരഞ്ഞെടുപ്പില്‍ കുറേക്കൂടി പരിതാപകരമാകുമെന്നാണ് ബി ജെ പി കരുതുന്നത്.
ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രീം കോടതിവിധി വന്നിട്ടു പോലും അതു നടപ്പാക്കാന്‍ സര്‍ക്കാരിനു മേല്‍ മെത്രോപോലീത്ത സമ്മർദ്ദം ചെലുത്തിയില്ലെന്നാണ് ആക്ഷേപം. ഓര്‍ത്തഡോക്‌സ് വിശ്വാസികളെ വെല്ലുവിളിച്ചുകൊണ്ടുള്ള നീക്കമാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നടക്കുന്നതെന്ന് ബി.ജെ.പി ആരോപിക്കുന്നു. സഭയ്ക്കു കീഴിലെ സന്യാസിനീ സമൂഹത്തിലെ അംഗങ്ങള്‍ ചികിത്സയ്ക്കു പോലും വഴി കാണാതെ മറ്റുള്ളവരുടെ കാരുണ്യത്തിനു കേഴുമ്പോഴാണ് ഇവരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട മെത്രാപ്പോലീത്തയുടെ രാഷ്ട്രീയക്കളിയെന്നതും രൂക്ഷമായ എതിര്‍പ്പിന് വഴിയൊരുക്കുന്നതാണ്.
സഭയ്ക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കാന്‍ വൈകിയിട്ടും പ്രതികരിക്കാതിരിക്കുക വഴി സഭാവിരുദ്ധ നിലപാടു സ്വീകരിച്ച ഭദ്രാസന മെത്രാപ്പോലീത്ത ഇടതുപാളയത്തില്‍ രാഷ്ട്രീയ ഭിക്ഷാംദേഹിയായി എത്തിയത് സഭയ്ക്ക് ആകമാനം നാണക്കേടുണ്ടാക്കുന്നതാണെന്നും ബിജെപി പറയുന്നു. ഇതിനെതിരെ വിശ്വാസി സമൂഹം വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിലൂടെ ശക്തമായി പ്രതികരിക്കുമെന്നും തിരുവനന്തപുരം ഓര്‍ത്തഡോക്‌സ് പ്രെയര്‍ ഗ്രൂപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha